മാനന്തവാടി:കാർഷിക സംസ്കൃതിയും ഗോത്ര പൈതൃകവും ഇഴ പിരിയുന്ന വയനാട്ടിൽ സുസ്ഥിര ടൂറിസത്തിന് വൻ സാധ്യതകളാണുള്ളതെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്- ടൂറിസം വകുപ്പകളുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിൽ മാനന്തവാടി പ്രിയദർശനി എസ്റ്റേറ്റിൽ നടന്ന സുസ്ഥിര ടൂറിസം വികസന സെമിനാർ ഉദ്ഘാടനവും വീഡിയോ പ്രകാശനവും ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദ കേന്ദ്രങ്ങൾ സഞ്ചാരികൾക്കൊപ്പം ജനങ്ങളുടെ ജീവിതത്തെ കൂടി സ്പർശിക്കുന്നതാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയനാട്ടിലെ ആദിവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി
സ്ഥാപിച്ച പഞ്ചാരക്കൊല്ലിയിലെ പ്രിയദർശിനി എസ്റ്റേറ്റ് സുസ്ഥിര വിനോദ സഞ്ചാരത്തിന്റെ കേന്ദ്രമാക്കുന്നതിലൂടെ ആദിവാസി വിഭാഗത്തിനും സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കാവും.
കോവിഡ് ടൂറിസം മേഖലയ്ക്ക് വെല്ലുവിളിയായപ്പോൾ മേഖലയ്ക്ക് ആത്മ വിശ്വാസം നൽകുന്നതിനായി സുരക്ഷിത ടൂറിസം എന്ന ക്യാമ്പയിൻ തുടങ്ങിയത് വൻ വിജയമായി. ആരോഗ്യ വകുപ്പുമായി ചേർന്നു പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിൽ സമ്പൂർണ്ണ വാക്സിനേഷൻ പൂർത്തിയാക്കി. ഈ പദ്ധതിക്ക് തുടക്കമിട്ടതും വയനാട്ടിലാണ്. പൂർണ്ണമായും വാക്സിനേഷൻ പൂർത്തിയാക്കിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ജില്ലയായ വയനാട്ടിലേക്ക് ടൂറിസ്റ്റുകൾ എത്തി തുടങ്ങിയതോടെ സഞ്ചാരികളുടെ കണക്കിൽ കുതിപ്പുണ്ടായി. അഭ്യന്തര സഞ്ചാരികളുടെ വരവിൽ ആറാം സ്ഥാനത്തായിരുന്ന വയനാട് ജില്ല നാലിലേക്ക് ഉയർന്നു. ഈ വേഗം നിലനിർത്തുവാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ജില്ലയ്ക്ക് കഴിയണം. ഇതിനായി വിനോദ സഞ്ചാര വകുപ്പ് വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 11 ലഘു വീഡിയോ ചിത്രങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലഘുവിവരണമടങ്ങിയ വീഡിയോ ചിത്രങ്ങള്‍ എക്‌സ്‌പ്ലോര്‍ വയനാട്- വരൂ, വയനാട് കാണാം- എന്ന ടൈറ്റിലിലാണ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ. ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പി.വി. എസ്. മൂസ, കൗൺസിലർ വി.ആർ. പ്രവിജ്, വാര്‍ഡ് കൗണ്‍സിലര്‍ പാത്തുമ്മ ടീച്ചർ, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.പി. ജിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറിൽ സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീം, പുൽപ്പള്ളി പഴശ്ശി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എം ആർ ദിലീപ് എന്നിവർ ക്ലാസുകൾ എടുത്തു.