കൽപ്പറ്റ:കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് (സ്പര്‍ശ്-2022) ജില്ലയില്‍ തുടക്കമായി. ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്. ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനവും ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വഹിച്ചു. ഡി.എം.ഒ ഡോ. കെ സക്കീന പോസ്റ്റര്‍ ഏറ്റുവാങ്ങി. കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി.പി.എം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ കെ.കെ ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തസ്സിനായി ഒരുമിക്കാം (United for dignity) എന്നതാണ് 2022 ലെ കുഷ്ഠരോഗ ദിനാചരണത്തിന്റെ സന്ദേശം. കുഷ്ഠരോഗത്തെകുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, കുഷ്ഠരോഗ ബാധിതരായവരോടുള്ള വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് പക്ഷാചരണ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി വിവിധ ദൃശ്യ ശ്രവ്യ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
ജില്ലയില്‍ 12 പേര് ചികില്‍സയില്‍
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019 മുതല്‍ അശ്വമേധം എന്ന പേരില്‍ ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന് ജില്ലയില്‍ നടക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പരിശീലനം ലഭിച്ച വോളണ്ടിയര്‍ മാരും വീടുകളിലെത്തി ചര്‍മ്മത്തില്‍ നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറവുള്ള പാടുകള്‍ തുടങ്ങിയ കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങളുള്ള ആളുകളെ കണ്ടുപിടിക്കുകയും അവര്‍ക്ക് രോഗനിര്‍ണയത്തിനായി ആശുപത്രിയില്‍ പോകുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. കൂടാതെ കുഷ്ഠരോഗം കണ്ടെത്തിയവര്‍ക്കുള്ള തുടര്‍ചികിത്സയും ഉറപ്പ് വരുത്തുന്നു. ഈ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ആകെ 15 കുഷ്ഠരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 12 പേര് ചികിത്സയിലുണ്ട്.
ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകും
വായുവിലൂടെ പകരുന്ന ഒരു ദീര്‍ഘകാല സാംക്രമിക രോഗമാണ് കുഷ്ഠരോഗം. ചര്‍മ്മത്തില്‍ നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറവുള്ള പാടുകള്‍ എന്നിവ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. പിന്നീട് കൈകാലുകളുടെ മരവിപ്പ്, ഉണങ്ങാത്ത വേദനയില്ലാത്ത വൃണങ്ങള്‍, കൈ കാല്‍വിരലുകള്‍ വളഞ്ഞ് പോകുക, അഗ്രം നശിച്ച് പോവുക, നാഡികളുടെ വീക്കം, തടിപ്പ്, പേശികളുടെ ബലക്കുറവ്, കാല്‍പ്പാദവും കൈ പത്തിയും മുകളിലേക്ക് നിവര്ത്താ നാവാത്ത അവസ്ഥ, മുഖത്തും ചെവിക്കടിയിലും കണ്ടു വരുന്ന തടിപ്പുകള്‍ എന്നിവ ഉണ്ടാകാം.
രോഗി ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലൂടെയോ ഭക്ഷണം പങ്ക് വയ്ക്കുന്നതിലൂടെയോ കുഷ്ഠരോഗം പകരില്ല. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 3 മുതല്‍ 5 വര്‍ഷം വരെ സമയമെടുക്കും. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളൂ. വിവിധൗഷധ ചികിത്സ (Multi Drug Therapy-MDT) യിലൂടെ കുഷ്ഠരോഗത്തെ പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. ചികത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ (പിബി Paucibacillary) 6 മാസത്തെ ചികിത്സയും കൂടിയ കേസുകള്‍ (എംബി Multibacillary) 12 മാസത്തെ ചികിത്സയും എടുക്കണം. പ്രാരംഭ ഘട്ടത്തില്‍ തന്നെയുള്ള ചികിത്സയിലൂടെ അംഗവൈകല്യം സംഭവിക്കുന്നത് തടയാനും കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാനും സാധിക്കും.