നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടെന്ന് എഡിജിപി ശ്രീജിത് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ സഹകരിക്കുന്നുണ്ടെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 9 മണിയോടെയാണ് ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരായത്. ആദ്യം ദിലീപിന്റെ ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരായിരുന്നു എത്തിയത്. പിന്നാലെ ഒരേ കാറില്‍ ദിലീപും അനുജന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സൂരജും എത്തി. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതികള്‍ എത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ കൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് 12.30ഓടെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും കളമശേരിയിലെത്തി. ദിലീപ് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ടെന്ന് അറിയിച്ച എഡിജിപി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അഞ്ച് വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ബാലചന്ദ്രകുമാറില്‍ നിന്നും ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിരുന്നു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ചയാകും മുദ്രവച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.