സംസ്ഥാന വനിതാ കമ്മീഷന്‍ തിങ്കളാഴ്ച വയനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ പരിഗണിച്ച കേസുകളില്‍ കൂടുതലും ഗാര്‍ഹിക പീഡന പരാതികള്‍. 40ല്‍ താഴെ പ്രായമുള്ള ചെറുപ്പക്കാരായ ദമ്പതികളാണ് ഗാര്‍ഹിക പീഡന പരാതികളുമായി എത്തിയവരില്‍ കൂടുതലും എന്നത് ആശങ്കയുളവാക്കുന്നു. ജീവിതത്തെ കുറിച്ച് ശരിയായ ധാരണയോ കാഴ്ചപ്പാടോ ഇല്ലാതെ പഠനകാലത്തെ പ്രണയം ദാമ്പത്യത്തിലേക്കു വഴിമാറുന്നതാണ് മിക്ക കേസുകളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു കാണുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ.എം.എസ് താര പറഞ്ഞു. ജീവിതത്തെ ഗൗരവത്തോടെ സമീപിക്കാന്‍ പുതുതലമുറ തയ്യാറാകണമെന്നും ഇതിന് അവരെ പ്രാപ്തമാക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രണയിക്കരുതെന്നല്ല പറയുന്നതിന്റെ ഉദ്ദേശ്യം. ജീവിതത്തിന്റെ നിര്‍ണായ വഴിത്തിരിവായ ദാമ്പത്യജീവിതത്തിലേക്ക് കടക്കുമ്പോള്‍ യാഥാര്‍ഥ്യ ബോധത്തോടെയും ഗൗരവത്തോടെയും കാണാന്‍ കഴിയണം. സാമ്പത്തിക സ്വയംപര്യാപ്തതയില്ലാതെ വിവാഹത്തിലേക്ക് എടുത്തുചാടി ഒടുവില്‍ കുട്ടികളെ വരെ ബാധ്യതയായി കാണുന്നവരുണ്ടെന്നതാണ് അദാലത്തിലെ അനുഭവം. മിക്ക കുടുംബ പ്രശ്‌നങ്ങളുടെയും അടിസ്ഥാനമായി കാണുന്നത് സാമ്പത്തികമായ പ്രശ്‌നങ്ങളാണ്. ദാമ്പത്യം തിരഞ്ഞെടുക്കുന്നതിനു മുമ്പ് സാമ്പത്തിക ഭദ്രതയും ശരിയായ കാഴചപ്പാടും ഉറപ്പാക്കണമെന്നു കമ്മീഷന്‍ അംഗം പറഞ്ഞു.
അദാലത്തില്‍ പരിഗണിച്ച 65 പരാതികളില്‍ 17 എണ്ണം തീര്‍പ്പാക്കി. 23 കേസുകള്‍ അടുത്ത അദാലത്തിലെക്ക് മാറ്റിവെച്ചു. 27 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണനും അദാലത്തില്‍ പങ്കെടുത്തു.