കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വരാൻ പോകുന്ന റൂസ കോളേജ് ഡോക്യുമെന്റേഷൻ നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട്
രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ആസ്പിരേഷണൽ ജില്ലകളിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പ്രത്യേകം പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് 2019-ൽ വയനാട്ടിലെ മാനന്തവാടിയിൽ റൂസ മോഡൽ ഡിഗ്രി കോളേജ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ കേന്ദ്ര ധനസഹായമായി അനുവദിച്ച 7.2 കോടിയാണ് ഇനി ലഭിക്കാനുള്ളത്. കേരള ഗവൺമെന്റ് ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനും പ്രസക്തമായ നിർദ്ദേശങ്ങൾ പാലിച്ചതിനും വിധേയമായി മാത്രമേ കേന്ദ്ര വിഹിതം അനുവദിക്കൂ. ഒരു മോഡൽ ഡിഗ്രി കോളേജ് സ്ഥാപിക്കുക എന്നത് എന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമാണ് എന്നും കൂടുതൽ കാലതാമസമില്ലാതെ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുന്നതിനും പ്രസക്തമായ എല്ലാ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് എത്രയും വേഗം മോഡൽ ഡിഗ്രി കോളേജ് യാഥാർത്ഥ്യം ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.