എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ വിശിഷ്ടാതിഥിയുമാകും.
മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമ്മിക്കുന്ന ആദ്യ മേൽപ്പാലമാണിത്. കിഫ്ബിയിൽ നിന്ന് 13.68 കോടി ചെലവഴിച്ചാണ് നിർമ്മാണം. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് നിർമ്മാണം. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്.
പൂർണമായും സർക്കാർ സ്ഥലത്തിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. തൃശൂർ കുറ്റിപ്പുറം പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾസംഗമിക്കുന്ന ജംങ്ഷനിൽ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മേൽപ്പാല നിർമ്മാണം. മേൽപ്പാലത്തിന് അനുബന്ധമായി പാർക്കിംഗ് സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.