കായിക രംഗത്തെ ശ്രദ്ധേയ എഴുത്തുകാരൻ പ്രകാശ് താമരക്കാട്ടിന്റെ
“കായിക രംഗത്തെ പ്രതിഭകളുടെ ജീവിത വീഥികൾ” എന്ന ലേഖന പരമ്പരയിൽ സുബേദാർ മുഹമ്മദ് കുഞ്ഞിയെ പരിചയപ്പെടുത്തുന്നു..
”ബിഗ് സല്യൂട്ട്….
നീണ്ട മുപ്പത്തിരണ്ടു വർഷത്തെ
“കായിക സപര്യ”ക്കൊടുവിൽ ഒളിമ്പ്യൻ പരിശീലകൻ
റിട്ട. സുബേദാർ മേജർ. മുഹമ്മദ് കുഞ്ഞി ജന്മ നാട്ടിൽ തിരിച്ചെത്തി അദ്ദേഹത്തിന് നാട്ടുകാർ
വർണ്ണാഭമായ സ്വീകരണം ഏർപ്പെടുത്തിരുന്നു!
ദേശീയ പതാകകൾ പാറിക്കളിക്കുന്ന വലിയ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിച്ച അദ്ദഹത്ത ജന്മനാട്ടിലെ കായിക പ്രേമികളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന്
ഹർഷാരവത്തോടെയാണ് വരവേറ്റത്! ഇക്കാലമത്രയും കരുത്തുറ്റ കായിക താരങ്ങളെ പരിശീലിപ്പിച്ച് ഇന്ത്യയുടെ അഭിമാന താരങ്ങളാക്കി മാറ്റിയ
പ്രതിഭാധനനായ അദ്ദേഹത്തിന്റെ സേവനങ്ങളേക്കുറിച്ച് വിവിധ ചാനലുകൾ വാർത്തകളിലൂടെയും ദൃശ്യ വിവരണങ്ങളിലൂടെയും പ്രത്യേക പരിപാടികൾ ആവിഷ്കരിച്ച് അവതരിപ്പിച്ചു!
അന്താരാഷ്ട്ര കായിക മേളകളിൽ
“കാളക്കരുത്തുള്ള വിദേശി താരങ്ങളെ”
പിൻതള്ളി വിജയ പീഠങ്ങളിൽ നമ്മുടെ ദേശീയ പാതാകയണിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യർ കയറി നിൽക്കുന്നതും
“ഭാരതമാതാ കീ ജയ്” എന്ന
വിളി കൊണ്ട് ആർത്തിരമ്പുന്ന
ഗാലറികളും നിശ്ശബ്ദമായി എണീറ്റ് നിന്ന് ഇന്ത്യൻ ദേശീയ ഗാനത്തിന്
കാതോർക്കുന്ന ജന സാഗരവും
ആനന്ദാശ്രുക്കൾ കൊണ്ട് മിഴിണകൾ നിറഞ്ഞു തുളുമ്പിയ
ജനപ്രിയ കായിക താരങ്ങളും
അവർ നടത്തിയ വിക്ടറി ലാപ്പുകൾ നേരിട്ടും ദൃശ്യമാദ്ധ്യമങ്ങളിലൂടെയും കണ്ട് ഹരം കൊണ്ട കോടിക്കണക്കിന്
ഇന്ത്യൻ കായിക പ്രേമികൾ
മനസ്സാ നന്ദി പറഞ്ഞത് മലയാളനാട്ടിലെ ഈ വലിയ
മനുഷ്യനോടായിരുന്നു!
” ഒരു നല്ല പരിശീലകൻ ” എന്ന വാക്കിന് നിർവ്വചനം തേടുന്ന കായിക രംഗത്തെ ഗവേഷണ കുതുകികൾക്ക് ഇദ്ദേഹം ഒരു കായിക സർവ്വകലാശാലയാണ്!
കായിക രംഗത്ത് വളരെ പോസിറ്റീവായി ചിന്തിക്കുകയും
സ്ഥിരോത്സാഹിയായി മാതൃരാജ്യ സേവന പാതയിൽ രാപകലില്ലാതെ അദ്ധ്വാനിക്കുകയും ചെയ്യ്ത അദ്ദേഹത്തെ വിശിഷ്ട സേവാ മെഡലോടെ വിശ്രമത്തിനയച്ച ഇന്ത്യൻ ആർമിക്കും അദ്ദേഹത്തിനും ഒരു ബിഗ് സല്യൂട്ട്!
കായിക താരങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി വിശ്വാസ്യതയോടെ പ്രവർത്തിക്കുകയും ശ്രദ്ധയോടെ
കായിക താരങ്ങളെ പഠിക്കുകയും
ലക്ഷ്യബോധവും, അറിവും സമന്വയിപ്പിച്ച നിരീക്ഷണപാടവത്തിലൂടെ
കഴിവും കഴിവുകേടുകളും കണ്ടെത്തി പരിഹരിക്കുന്ന മാന്യനും ക്ഷമയുള്ളവനുമായി
വ്യക്തമായ കാഴ്ച്ചപ്പാടുകൾ ആശയ വിനിമയത്തിലൂടെ
കായിക താരങ്ങൾക്ക് പകർന്നു നൽകി സ്വന്തം കരിയർ കരുപ്പിടിപ്പിക്കാൻ സഹായിക്കുന്ന
കരുതലുള്ള ഒരു രക്ഷകർത്താവും പ്രചോദിത വ്യക്തിത്വമായിരുന്നു
ശ്രീ. മുഹമ്മദ് കുഞ്ഞി എന്ന പരിശീലകൻ!
അദ്ദേഹത്തിന്റെ തിരിച്ചു വരവിൽ
ഭാര്യ സമീറയും മക്കളായ മുംതാസ്
മൂബഷീറ എന്നിവർ അതീവ സന്തുഷ്ടരാണ്! കണ്ണൂരിലെ ചെറുപുഴയിലെ നങ്ങാരത്ത് വീട്ടിൽ
പരേതരായ കെ പി അബുബക്കറിന്റെയും എൻ എം കദീജയുടേയും മകനായി
1967 മെയ് 5 ന് ജനിച്ച അദ്ദേഹം
പാലവയൽ സെന്റ് ജോൺസ് ഹൈസ്കൂളിലാണ് പഠിച്ചത് സ്കൂൾ പഠനകാലത്ത് മികച്ച ഫുട്ബോൾ താരമായിരുന്ന അദ്ദേഹം അത് ലറ്റിക്സിലും സംസ്ഥാന തലം വരെ പങ്കെടുത്തിരുന്നു!
1987 ൽ കോഴിക്കോട് നടന്ന റിക്രൂട്ട്മെന്റ് വഴി ആർമിയിൽ ചേർന്ന അദ്ദേഹം ട്രെയിനിങ്ങിനുശേഷം യൂണിറ്റിൽ എത്തി ഫുട്ബോൾ പരിശീലനത്തിനിടെ അദ്ദേഹത്തിന്റെ അസാധാരണ വേഗത തിരിച്ചറിഞ്ഞ രുദ്ര എന്ന ബംഗാളി പരിശീലകനാണ് അദ്ദേഹത്തെ അത് ലറ്റിക്സിലേക്ക് വഴിമാറാൻ
പ്രേരിപ്പിച്ചത്!
പിന്നീട് പടി പടിയായി ഉയർന്ന്
സർവ്വീസസ് അത് ലറ്റിക്സ് ടീമിലെത്തിയ അദ്ദേഹം സർവ്വീസസിന്റെ കരുത്തനായ
കായിക താരമായി മാറി!
1991 മുതൽ 1997 വരെ ഏഴുവർഷം തുടർച്ചയായി സർവ്വീസസ് കായിക മേളയിലും ദേശീയ കായിക മേളയിലും സ്വർണ്ണമടക്കം നിരവധി മെഡലുകൾ നേടി! ഇതിനിടെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും 2000 ത്തിൽ NIS പട്ട്യാലയിൽ നിന്നും കോച്ചിംങ് ഡിപ്ലോമയും പാസ്സായി!
2001 മുതൽ പരിശീലക വേഷമണിഞ്ഞ അദ്ദേഹം വിദേശങ്ങളിലടക്കം വിവിധ കോഴ്സുകൾ പഠിച്ചു 2007 ൽ ഫെഡറേഷൻ ടെക്നിക്കൽ ഒഫീഷ്യൽ (FTO) 2010 ൽ IAAF ടെക്നിക്കൽ ഓഫീഷ്യൽ കോഴ്സ് ലെവൽ വൺഎന്നിവ പാസ്സായി!
2001 മുതൽ ആർമിയുടേയും സർവ്വീസസ് ടീമിന്റേയും പരിശീലകനായും പിന്നീട് ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് കോച്ചായും 2012 മുതൽ 2017 വരെ ദേശീയ പരിശീലകനായും തിളങ്ങി!
“എട്ട് താരങ്ങളെ ഒന്നിച്ച് ഒരു ഒളിമ്പിക്സിൽ പങ്കെടുപ്പിച്ച പരിശീലകൻ”
എന്ന നിലയിൽ ഇന്ത്യൻ കായിക ചരിത്രത്താളുകളിൽ ഇടം പിടിക്കുകയും ചെയ്യ്തു!
16 വർഷമായി ഒളിമ്പിക് യോഗ്യത
നേടാൻ കഴിയാതെ കരക്ക് ഇരിക്കേണ്ടി വന്ന പുരുഷ വിഭാഗം 4*400 മീറ്റർ ഇന്ത്യൻ റിലേ ടീമിനെ വിശ്വകായിക മേളയിൽ വീണ്ടും കളത്തീലിറക്കിയ ശ്രേഷ്ഠ പരിശീലകനാണ് അദ്ദേഹം!
നാല് അർജ്ജുനാ അവാർഡികളും
എട്ട് ഒളിമ്പ്യന്മാരും നിരവധി അന്താരാഷ്ട്ര താരങ്ങളും സർവ്വീസസ് താരങ്ങളും അടങ്ങുന്ന വലിയ ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹത്തിന് വിജയികളും വിജയത്തിനായി പരിശ്രമിക്കുന്നവരും മാത്രമാണ് ശിഷ്യർ കായിക താരങ്ങളെ പരാജിതർ എന്ന് ഒരിക്കലും അഭിസംബോധന ചെയ്യാത്ത ഈ ഗുരുവര്യന്റെ സമാനതകളില്ലാത്ത പ്രതിഭക്ക് മുന്നിൽ നമിക്കുന്നു!