കടുവക്കായുള്ള തിരച്ചിൽ 22-ാം ദിവസവും ഫലം കണ്ടില്ല

Wayanad

മാനന്തവാടി:ഇരുപത്തി രണ്ടാം ദിവസവും ഫലം കാണാതെ വയനാട്‌ കുറുക്കൻ മൂലയിലെ കടുവക്കായുള്ള തിരച്ചിൽ അവസാനിച്ചു. ഒലിയോട്ട്‌ കാട്ടിക്കുളം ചെട്ടിപ്പറംമ്പ്‌ സംരക്ഷിത വനമേഖലയിലാണ്‌ ഇന്ന് തിരച്ചിൽ നടന്നത്‌.
രാവിലെ പരിക്കേറ്റ കടുവയുടെ ദൃശ്യം ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു.

ഒലിയോട്ട്‌ വനത്തിൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ മേഖലയിൽ വ്യാപക തിരച്ചിൽ നടന്നത്‌.മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും രണ്ട്‌ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകരും സ്ഥലത്തേക്കെത്തി.
കടുവയുടെ സാന്നിദ്ധ്യത്തിന്റെ സൂചനകൾ ലഭിച്ചെങ്കിലും മയക്കുവെടി വെക്കാനുള്ള സാഹചര്യമുണ്ടായില്ല.

ജനവാസകേന്ദ്രത്തിൽ ഇടക്കിടെയിറങ്ങിയ കടുവ ആ പതിവ്‌ തെറ്റിച്ചത്‌ ഈ മേഖലയിൽ നിന്ന് കടുവ മാറിപ്പോയോ എന്ന സംശയമുണ്ടാക്കിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം കോണവയൽ,കാവേരിപ്പൊയിൽ എന്നിവിടങ്ങളിൽ വനയോരത്ത്‌ കാൽപ്പാടുകൾ കണ്ടെത്തി. കൂടാതെ പടമല ഭാഗത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടതായി അറിയുന്നു.
ബേഗൂർ റേഞ്ചിലെ വിവിധയിടങ്ങളിൽ കടുവ സഞ്ചരിക്കുകയാണ്‌.എന്നാൽ സാന്നിദ്ധ്യം തിരിച്ചറിയുന്നു എന്നതല്ലാതെ നേരിട്ട്‌ കാണാൻ വനപാലകർക്ക്‌ സാധിച്ചിട്ടില്ല.കടുവ കടന്നുപോവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്‌.
എല്ലാ ശ്രമങ്ങളും തുടരുമ്പോഴും കടുവ കാണാമറയത്ത്‌ തുടരുന്നത്‌ കുറുക്കൻ മൂലയേയും പരിസര പ്രദേശങ്ങളെയും ഇപ്പോഴും ആശങ്കയിലാക്കുകയാണ്‌. കടുവ ഈ പ്രദേശത്ത്‌ തന്നെയുണ്ടെന്ന് വനം വകുപ്പ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

ഇതേ സമയം തിരച്ചിൽ തുടരാനാണ്‌ തീരുമാനം. ഫ്ലൈയിംഗ്‌ സ്ക്വാഡ്‌ ഡി എഫ്‌ ഒ,കെ കെ സുനിൽ കുമാർ, നോർത്ത്‌ വയനാട്‌ ഡി എഫ്‌ ഒ രമേഷ്‌ ബിഷ്ണോയി,സൗത്ത്‌ വയനാട്‌ ഡി എഫ്‌ ഒ ഷജ്ന കരീം എന്നിവരുടെ നേതൃത്വത്തിലാണ്‌ തിരച്ചിൽ. ഉത്തരമേഖലാ സി സി എഫ്‌ ഡി കെ വിനോദ്‌ കുമാറാണ്‌ ദൗത്യം ഏകോപിപ്പിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *