ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാനത്ത് 3 ദിവസം പൊലീസിന്റെ കര്‍ശന പരിശോധനയെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. സംസ്ഥാനാടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസിനോട് ഡിജിപി അറിയിച്ചു.
ശക്തമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. മൂന്നു ദിവസത്തേക്ക് മതിയായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ പൊലീസുകാര്‍ക്ക് അവധി നല്‍കുകയുള്ളൂ എന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സംസ്ഥാനത്ത് എല്ലായിടത്തും വാഹനങ്ങള്‍ പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഇരുഭാഗത്തെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളെ നിരീക്ഷിക്കണം. അറസ്റ്റ് വാറണ്ട് നിലവിലുള്ള എല്ലാവരെയും അടിയന്തരമായി പിടികൂടാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തണം. മൂന്നു ദിവസത്തേക്ക് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ മൈക്ക് പെര്മിഷന് നല്‍കരുത്
ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എല്ലാ സീനിയര്‍ ഓഫീസര്‍മാരും 24 മണിക്കൂറും ഡ്യൂട്ടിയില്‍ ഉണ്ടാവണമെന്നും ശത്രു വിഭാഗത്തിലെ നേതാക്കന്മാര്ക്ക് മതിയായ സുരക്ഷാ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.