കുറുക്കൻ മൂലയിൽ ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തി വിഹരിക്കുന്ന കടുവയെ മയക്കുവെടിച്ച് കീഴ്പ്പെടുത്താൻ ഒരു സംഘത്തെ കൂടി നിയോഗിച്ചു. കടുവയെ പിടികൂടാൻ വിദഗ്ധരായ കൂടുതൽ ഉദ്യോഗസ്ഥർ എത്തുമെന്ന് നാട്ടുകാർക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പുനൽകി
അതേസമയം കുറുക്കൻമൂലയെയും പരിസര പ്രദേശങ്ങളെയും 18 ദിവസമായി ഭീതിയിലാക്കിയ കടുവയെ തുരത്താൻ കുങ്കിയാനകളെ എത്തിച്ച് നടത്തിയ ശ്രമവും ആദ്യദിനം ഫലം കണ്ടില്ല. ഇതിനിടെ കടുവ നാട്ടിലിറങ്ങിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ ഇടപെടലുമുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു. ഫലപ്രദമായ നടപടികൾ വേഗത്തിൽ ഉണ്ടാവണമെന്നും കോടതി ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു.