വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര ഭരണ സമിതിയും ഭക്തജനങ്ങളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷേത്ര വരുമാനം വർദ്ധിപ്പിക്കുന്നതിനും,ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ സ്വീകരണ പരിപാടിയിൽ വെച്ച് മന്ത്രി പറഞ്ഞു.
പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനിൽകുമാർ ക്ഷേത്രം വക ഉപഹാരം മന്ത്രിക്ക് സമർപ്പിക്കുകയും, ക്ഷേത്രം ട്രസ്റ്റി ഫിറ്റ് പേഴ്സൺ ഇ.പി.മോഹൻദാസ് മന്ത്രിയെ പൊന്നാട അണിയിക്കുകയും ചെയ്തു. ചടങ്ങിൽ വെച്ച് ട്രസ്റ്റി ഏച്ചോം ഗോപി എഴുതിയ വള്ളിയൂർക്കാവ് ചരിത്രവും ഐതീഹ്യ വും പുസ്തകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്റ്റിൻ ബേബി ദേവസ്വം മന്ത്രിക്ക് നൽകി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്റ്റിൻ ബേബി, കൗൺസിലർമാരായ കെ.സി .സുനിൽകുമാർ ,വിപിൻ വേണുഗോപാൽ, ജില്ല കാർഷിക വികസന ബേങ്ക് പ്രസിഡണ്ട് പി.വി.സഹദേവൻ, ട്രസ്റ്റിമാരായ ടി.കെ .അനിൽകുമാർ, ഇ.പി.മോഹൻദാസ് എന്നിവർ ആശംസകൾ നേർന്നു . പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി സ്വാഗതവും, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.വി .ഗിരീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.