നടവയൽ:ചിറ്റാലൂർകുന്ന്, നടവയൽ, കാവടം, നെല്ലിയമ്പം തുടങ്ങിയ പ്രദേശങ്ങളിലെ വയോജനങ്ങൾക്ക് സൗജന്യ ക്ലിനിക്കൽ സൗകര്യങ്ങൾ നൽകിവരുന്ന ഹെൽപ്പേജ് ഇന്ത്യയുടെ ഇ-ഹെൽത്ത് സെന്ററിലേക്ക് വിതരണത്തിന് ആവശ്യമായ ഒരു ലക്ഷം രൂപയുടെ മരുന്നുകൾ കണിയാമ്പറ്റ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച് നൽകി. കണിയാമ്പറ്റ പഞ്ചായത്ത് മുൻ രണ്ടാം വാർഡ് മെമ്പറായിരുന്ന എം എം മേരിയുടെ ശ്രമഫലമായിട്ടാണ് ഇ-ഹെൽത്ത് സെന്റ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഹെൽപ്പേജ് ഇന്ത്യ ഒരുക്കി നൽകിയത്. ഇപ്പോൾ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത് കണിയാമ്പറ്റ പഞ്ചായത്തിന്റെ സഹകരണത്താൽ ആണ്. ആവശ്യമരുന്നുകളുടെ ലഭ്യതകുറവ് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് മെമ്പർമാർ മെഡിക്കൽ രംഗത്തെ ആളുകളുടെ സഹകരണത്തോടെയാണ് ആവശ്യമരുന്നുകൾ സൗജന്യമായി എത്തിച്ചത്. മരുന്നുകളുടെ കൈമാറ്റം കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സന്ധ്യാ ലിഷു നിർവ്വഹിച്ചു. ഹെൽപ്പേജ് ഇന്ത്യാ ഇ- ഹെൽത്ത് ക്ലിനിക് കോർഡിനേറ്റർ ബിൻസി ബിജു ഏറ്റുവാങ്ങി. വാർഡ് കൺവീനർമാരായ റസാക്ക് നെല്ലിയമ്പം, ലിഷു വർഗ്ഗീസ്, മുഹമ്മദ് ഏ.കെ., സിറാജ് നെല്ലിയമ്പം, അജയ് ജോർജ്, സിദ്ധിഖ് എന്നിവർ പങ്കെടുത്തു.