ആലുവ: ഗാർഹികപീഡന പരാതി നൽകിയ എൽഎൽ.ബി. വിദ്യാർഥിനി മൊഫിയ പർവീൺ (21)ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതർ പിടിയിലായി.മൊഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലർച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവർക്കെതിരെ ചുമത്തിയിരുന്നു.
ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടിൽ പ്യാരിവില്ലയിൽ മൊഫിയ പർവീൺ ചൊവ്വാഴ്ച വൈകീട്ട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. കെ. ദിൽഷാദിന്റെയും ഫാരിസയുടെയും മകളാണ്. ഭർത്താവിനെതിരേയും ഭർത്തൃവീട്ടുകാർക്കെതിരേയും ആലുവ സി.ഐ. സി.എൽ. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു. അതേ സമയം സിഐക്കെതിരെ കാര്യമായ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല. സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇന്നലെ രാത്രി പത്ത് മണിവരെ സിഐ ഔദ്യോഗിക ചുമതലയിലുണ്ടായിരുന്നുവെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് ആരോപിച്ചു.