നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു

Wayanad

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ഏക കാന്‍സര്‍ കെയര്‍ സെന്ററായ നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. വികസനം തേടുന്ന ആശുപത്രിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ സന്ദര്‍ശനം. ട്രൈബൽ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്നും 24 മണിക്കൂർ കിടത്തി ചികിത്സ നൽകുന്നതിനുള്ള ഐ.പി. തുടങ്ങാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയോര ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികളുടെ ആശ്വാസ കേന്ദ്രമായ നല്ലൂര്‍നാട് ആശുപത്രിയില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നത് ദീര്‍ഘനാളായുള്ള ആവശ്യമാണ്. ആശുപത്രിയുടെ നിലവിലുള്ള സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തി.
ഒ.ആര്‍ കേളു എം.എല്‍.എ, ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എ. കെ. ജയഭാരതി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ. വിജയൻ, ബിന്ദു പ്രകാശ്, എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് എച്ച്. ബി. പ്രദീപ് മാസ്റ്റർ, പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. എം. ആസ്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, മെഡിക്കല്‍ ഓഫീസര്‍ ഡോ. സാവന്‍ സാറ മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന ആരോഗ്യ വകുപ്പിന് പട്ടികവര്‍ഗ വികസന വകുപ്പ് 2007 ല്‍ വിട്ടുനല്‍കിയതാണ് നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ജനറല്‍ ഒ.പി. സൗകര്യമാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടിക്കു കീഴില്‍ 2013 ലാണ് ജില്ലയിലെ ഏക കാന്‍സര്‍ കെയര്‍ സെന്റര്‍ ട്രൈബല്‍ ആശുപത്രിയില്‍ തുടങ്ങിയത്. അര്‍ബുദ രോഗികള്‍ക്ക് കീമോ തെറാപ്പി, റേഡിയോ തെറാപ്പി ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോള്‍ ഇവിടെയുണ്ട്. റേഡിയേഷന്‍ ചികിത്സ ആവശ്യമുള്ള രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പോകേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ റേഡിയേഷന്‍ തുടങ്ങിയതോടെ രോഗികളുടെ യാത്രാദുരിതത്തിന് വലിയ പരിഹാരമായി.

ബാക്ക്‌വേഡ് റീജ്യന്‍ ഗ്രാന്റ് ഫണ്ട് (ബി.ആര്‍.ജി.എഫ്.) പദ്ധതിയിലുള്‍പ്പെടുത്തി 2.99 കോടി രൂപ വിനിയോഗിച്ചാണ് കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. 2018 ല്‍ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയാണ് റേഡിയോ തെറാപ്പിക്ക് വേണ്ടിയുള്ള ടെലി കൊബാള്‍ട്ട് മെഷീന്‍ ഉദ്ഘാടനം ചെയ്തത്.

നിലവില്‍ ഗവ. ട്രൈബല്‍ ആശുപത്രിക്കൊപ്പം ജില്ലാ കാന്‍സര്‍ സെന്ററും ഇവിടെ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ സാധാരണ ജനറല്‍ ഒ.പി, മുഴുവന്‍ സമയ ഡെന്റല്‍ യൂണിറ്റ്, 5 യൂണിറ്റുള്ള ഡയാലിസിസ് സെന്റര്‍, സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ കീമോ തെറാപ്പി യൂണറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു. 10 ബെഡ്ഡുകളാണ് ഉള്ളത്. ആശുപത്രിയില്‍ കീമോ തെറാപ്പിക്ക് ഐ.പി. സൗകര്യമില്ല. രാവിലെ വന്ന് വൈകീട്ട് പോകുന്ന തരത്തില്‍ ഡേ കെയര്‍ കീമോ തെറാപ്പിയും റേഡിയോ തെറാപ്പിയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് അടുത്ത ജില്ലകളായ കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. ആശുപത്രിയില്‍ 12,871 പേരാണ് കഴിഞ്ഞ വര്‍ഷം ഒ.പി ചികിത്സ നേടിയത്. ഇതില്‍ 12000 ത്തോളവും കാന്‍സര്‍ രോഗികളാണ്. നിലവില്‍ ഇതിനകം 4700 കീമോ തെറാപ്പിയും 205 റേഡിയോ തെറാപ്പിയും നടത്തി.

ഇന്ന് (വെള്ളി) രാത്രി മാനന്തവാടിയില്‍ തങ്ങുന്ന മന്ത്രി നാളെ രാവിലെ 8 മണിക്ക് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ വയനാട് മെഡിക്കല്‍ കോളേജ്- കോവിഡ് അവലോകന യോഗങ്ങളില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *