അസീസ് സഖാഫി വാളക്കുളം എഴുതുന്നു..
ഒമാനിലെ ഇബ്രിയിൽ നിന്ന് തലസ്ഥാന നഗരിയായ മസ്കറ്റിലെ കോബ്രയിലേക്ക് മുന്നൂറിലധികം കിലോമീറ്റർ ദൂരമുണ്ട്. സദൃഢ ആത്മ ബന്ധമുള്ളവരും പ്രസ്ഥാന സഹകാരിയു മായ ബഷീർ ഹാജി പല തവണ ക്ഷണിച്ചിട്ടും പോവാൻ മടിച്ചത് ഈ യാത്രാ ദൈർഘ്യം ഓർത്ത് തന്നെയാണ്. വലിയ കറാമത്തിന്റെ ഉടമയായ ഒരു മഹാൻ വീട്ടിൽ വരുന്നുണ്ടന്നും അദ്ദേഹത്തെ കാണാൻ നിർബന്ധമായും വരണമെന്നും ഹാജി നിർബന്ധം പിടിച്ച പ്പോൾ അദ്ദേഹത്തെ ഒന്ന് കണ്ട് കളയാം എന്ന് തീരുമാനിച്ചു.ഒരു സുഹൃത്തിന്റെ വാഹനത്തിൽ ഞങ്ങൾ അവിടെ എത്തി. അവിടുത്തെ കാഴ്ച്ചകൾ ഇപ്രകാരമാണ് ” വലിയ്യ് വൽകരിക്കപ്പെടുന്ന മാന്യദേഹം ആസനസ്ഥനായ നിലയിലാണ്. ഹാജിയും തന്റെ അടുത്ത ഏതാനും ചിലരും ചുറ്റുമുണ്ട്. ജീവിതത്തിൽ ഇതിന് മുമ്പ് ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത അദ്ദേഹം എന്നെ പേര് വിളിച്ചാണ് സ്വാഗതം ചെയ്തത്. യാത്രക്കിടെ ചായ കുടി ആവശ്യാർത്ഥം ഒരു കഫ്റ്റീരിയക്കടുത്ത് കാർ നിർത്തുകയും , പിന്നീട് മൂത്രിക്കൽ തുടർന്നുള്ള വുളു ചെയ്യൽ എന്നിവ പരിഗണിച്ച് പള്ളിയോട് ചേർന്നുള്ള കഫ്റ്റീരിയയിൽ നിന്നാവാം എന്നു കരുതി മുന്നോട്ട് പോകുകയും ചെയ്തിരുന്നു. നിസ് വയിൽ വെച്ചാണ് അവയല്ലാം പിന്നീട് നിർവ്വഹിക്കപ്പെടുന്നത്. ഇതല്ലാം അദ്ദേഹം പ്രത്യേകം എടുത്ത് പറയുകയും ചെയ്തു.!
സമീപസ്ഥരല്ലാം അൽഭുത പരതന്ത്രരായി രിക്കുന്നു. വിറയാർന്ന സ്വരത്തിൽ ബശീർ ഹാജി പറഞ്ഞു ” നിങ്ങൾ വരും മുമ്പ് നിങ്ങളുടെ വാഹനത്തിന്റെ കളർ , നമ്പർ , കമ്പനി എല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു ” ഇതല്ലാം കേട്ട് അദ്ദേഹത്തോടായി ഞാൻ ചോദിച്ചു “ഇനി ഞങ്ങൾ തിരിച്ചു പോവുമ്പോൾ ചായ കുടിക്കുമോ?, അതോ ജ്യൂസോ, എങ്കിൽ എവിടെ വെച്ച് ഏത് കടയിൽ നിന്ന്?” മൂർച്ചയേറിയ തുറിച്ച് നോട്ടമായിരുന്നു മറുപടി.
മുഖത്ത് ഒരു താടി രോമം പോലും ശേഷിക്കാതെ ക്ലീൻ ഷേവായ , നെരിയാ ണിക്കു താഴെ പാന്റ് ഇറങ്ങിക്കിടക്കുന്ന, ഒരു ടവ്വൽ കൊണ്ട് പോലും തല മറച്ചിട്ടില്ലാ ത്ത , ചെയ്തികളിലല്ലാം ശരീഅത്ത് ജ്ഞാനത്തി ന്റെ അഭാവവും ശരീഅത്ത് വിരുദ്ധതയും പ്രകടമാക്കുന്ന ഇദ്ദേഹം ഇവിടെ മഹാ കറാമത്തിന്റെ ഉടമയാണ്.! അവിടെ വെച്ചുള്ള തിരുത്തൽ ശബ്ദത്തിന് ഫലം നഗറ്റീവായിരിക്കുമെന്ന് കരുതി , ഹാജിയെ വിശദമായി പിന്നീട് തെര്യപ്പെടുത്താമെന്ന് കരുതി. അവിടെ നിന്ന് തിരിച്ചു.
ഇതും കൂടി കേൾക്ക് : വയനാട്ടുകാരനായ മുഹമ്മദ് മുസ്ലിയാർ ഒരു പാവമാണ്. വലിയ കുടുംബ പ്രാരാബ്‌ധം പേറുന്ന അദ്ദേഹം തുച്ഛവരുമാനത്തിന് ഒരു മുഅദ്ദിനായി സേവനം ചെയ്യുകയാണ് . ഒരു ദിവസം സിയാറത്തിനായി നാഗൂറിൽ എത്തി. വാഹനം ഇറങ്ങിയ ഉടനെ അപരിചിതനായ ഒരു വ്യക്തി സമീപിച്ച് സലാം മൊഴിഞ്ഞു. അദ്ദേഹത്തോട് തന്റെ പേരും കുടുംബ പശ്ചാത്തലവും പറയുന്നു. അൽഭുതപ്പെട്ട മുഹമ്മദ് മുസ്ലിയാരോട് അയാൾ വീണ്ടും പറഞ്ഞു ” നിങ്ങളുടെ വീട്ട് മുറ്റത്ത് വലിയ നിധിശേഖരമുണ്ട്. അത് എടുക്കാൻ ഞാൻ സഹായിക്കാം. എല്ലാം അതീവ രഹസ്യമായി സൂക്ഷിക്കണം. കോടികൾ വിലമതിക്കുന്ന സ്വർണ്ണവും മുത്തുകളുമാണതിൽ . ആദ്യം അൽപം ജിന്ന് ചികിൽസ വേണ്ടി വരും. ചെറിയ പണച്ചെലവ് ഉണ്ട് . അവ ഇപ്പോൾ സംഘടിപ്പിച്ചാൽ ലഭിക്കാൻ പോവുന്നത് കോടികളാണ്. അയാളുടെ വാക്കുകളത്ര യും വിശ്വസിച്ച മുഹമ്മദ് മുസ്ലിയാരുടെ പ്രതീക്ഷകൾ വാനോളമുയർന്നു. ചികിൽസ ചിലവിലേക്കായി കയ്യിലുണ്ടായിരുന്ന പതിനായിരം അപ്പോൾ തന്നെ നൽകി. ഇനിയും ലക്ഷം കൂടി വേണം. ഒരാഴ്ച്ച കഴിഞ്ഞ് ഞാൻ വീട്ടിൽ വരാം അപ്പോഴേക്ക് നിങ്ങൾ അത് സംഘടിപ്പിക്കണമെന്ന് നിർദേശിച്ച് അദ്ദേഹം പോയി. നാട്ടിലെത്തിയ മുഹമ്മദ് മുസ്ലിയാർ വിവാഹം ചെയ്തയച്ച മകളുടെ സ്വർണ്ണം വാങ്ങി വിൽപ്പന നടത്തി ഒരു ലക്ഷം സ്വരൂപിച്ചു. പറഞ്ഞ തിയ്യതി കൃത്യത്തിന് വന്ന് അദ്ദേഹം പണം കൈപ്പറ്റി തിരിച്ചു പോയി. ശേഷം യാതൊരു വിവരവുമില്ല. മുസ്ലിയാർക്ക് തന്റെ പണം പോയത് മിച്ചം.
മേൽ സംഭവങ്ങളെ വസ്തുതാപരമായി വിലയിരുത്താൻ താഴെ പറയുന്ന സംശയങ്ങൾക്ക് പരിഹാരം കണ്ടേ മതിയാവൂ :-
- ആരാണ് വലിയ്യ് ? എന്താണ് കറാമത്ത് ?
- ശരീഅത്ത് നിയമ ലംഘകരിൽ നിന്ന് കറാമത്ത് ഉണ്ടാകുമോ? ഇല്ലങ്കിൽ അവരിൽ നിന്ന് കാണുന്ന അൽഭുതങ്ങൾ എന്താണ്?
- ജിന്ന് കൂടൽ സത്യമോ? അത്തരക്കാർക്ക് ആദൃശ്യം അറിയുമോ? മേൽ രണ്ടനുഭവങ്ങളിലും അദൃശ്യങ്ങൾ അറിഞ്ഞത് എങ്ങനെ ?
- ജിന്ന് ചികിൽസ നടത്താമോ?
5 . ജിന്ന് സേവ നടത്തിയാൽ ജിന്നിന്റെ സഹായം ലഭിക്കുമോ? അത് അനുവദനീയമോ?
ആത്മീയ രംഗത്ത് കള്ള നാണയങ്ങൾ ഏറി വരികയും , കബളിപ്പിക്കൽ ഗണ്യമായി വർധിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. നേരാവണ്ണം നോക്കിയും കണ്ടും നടന്നില്ലങ്കിൽ ശാരീരികവും സാമ്പത്തികവുമായ നഷ്ട ത്തിനു പുറമെ ഈമാന് തന്നെയും നഷ്ടപ്പെടും . അപകടകരമായ ഇത്തരം വഞ്ചനകളിൽ നിന്ന് മോചനം ലഭിക്കാൻ മേൽ സംശയങ്ങൾക്ക് നിവാരണം നേടൽ അനിവാര്യമാണ്.
ആരാണ് വലിയ്യ് , എന്താണ് കറാമത്ത്?
കേവലം ചില വേഷഭൂഷാധികളുമായോ, നാട്യങ്ങളുമായോ വരുന്ന വ്യാജന്മാരെ അല്ലാഹുവിന്റെ ഔലിയാക്കളായി തെറ്റി ദ്ധരിച്ച് നിരവധി പേര് വഞ്ചിതരാവുന്നുണ്ട്. ആരാണ് എഥാർത്ഥ വലിയ്യ് എന്ന് ഇമാം തഫ്താസാനി (റ) വിവരിക്കുന്നുണ്ട്. “അല്ലാഹുവേയും അവന്റെ വിശേഷണങ്ങ ളേയും സാധ്യമാകുന്നത്ര അറിയുന്നവനും ഇബാദത്തുകൾ പതിവാക്കിയവനും തെറ്റുകളിൽ നിന്ന് മാറി നിൽക്കുന്നവനും ദേഹേഛകളിലും സുഖങ്ങളിലും മുഴുകു ന്നതിൽ നിന്ന് മാറിനിൽക്കുന്നവനുമാണ് വലിയ്യ് ” (ശർഹുൽ അഖാഇദ്)
കറാമത്ത്,
പ്രവാചകത്വവാദമില്ലാതെ വലിയ്യിന്റ ഭാഗത്തു നിന്ന് പ്രകടമാകുന്ന അസാധാര ണ സംഭവങ്ങളാണ് കറാമത്ത് എന്നതി ന്റെ വിവക്ഷ (ശർഹുൽ അഖാഇദ് )
ബഹുമാനം, ആദരവ് എന്നൊക്കെയാണ് കറാമത്ത് എന്ന അറബി പദത്തിന്റെ അർത്ഥം.
പ്രവാചകത്വത്തിനു തെളിവായി അമ്പിയാക്കൾക്ക് മുഅജിസത്ത് നൽക പ്പെട്ടതു പോലെ ഔലിയാക്കൾക്ക് ആദരവായി നൽകപ്പെട്ടതാണ് കറാമത്ത്. അമ്പിയാക്കളിൽ നിന്ന് മുഅജിസത്തായി സംഭവിക്കുന്നവ ഔലിയാക്കളിൽ നിന്ന് കറാമത്തായി സംഭവിക്കാം.
അല്ലാഹുവിനോടുള്ള അനുസരണം പൂർണമായും ഏറ്റെടുത്ത നിർദോശികളാ യ ഔലിയാക്കളിൽ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭവങ്ങൾ മാത്രമാണ് കറാമത്തുകൾ.എല്ലാ അസാധാരണ സംഭവങ്ങളും കറാമത്തല്ല.
ശരീഅത്ത് നിയമ ലംഘകരിൽ നിന്ന് കറാമത്ത് ഉണ്ടാകുമോ?
കറാമത്ത് വലിയ്യിൽ നിന്നല്ലാതെ ഉണ്ടാവില്ല. എന്നാൽ വലിയ്യല്ലാത്തവരിൽ നിന്നും അസാധാരണ സംഭവങ്ങൾ ഉണ്ടാവാം. ഒരാളിൽ നിന്ന് അസാധാരണ സംഭവങ്ങൾ പ്രകടമാകുന്നതിന്റെ പേരിൽ മാത്രം അയാൾ വലിയ്യാണന്ന് പറയാവതല്ല.അത് “ഇസ്തിദ് റാജുമാകാം”
ദുർമാഗവും മൽസരവും വർധിക്കാനിടയാ കും വിധം ഭൗതിക ഉദ്യേശങ്ങൾ സാധ്യമാ ക്കി കൊടുക്കലാണ് ഇസ്തിദ്ജ്. അതു വഴി അവൻ അല്ലാഹുവിൽ നിന്ന് കൂടുതലായി അകന്നു കൊണ്ടിരിക്കും. അങ്ങനെ അഹങ്കാരിയും ദുർമാർഗിയു മായി ജീവിതം നയിച്ചു പര്യവസാനം നാശത്തിൽ കലാശിക്കും.
അവിശ്വാസികളിൽ നിന്നും, ദുർവൃത്തരി ൽ നിന്നും പ്രകടമാവുന്ന അൽഭുതങ്ങൾ ഈ ഗണത്തിലാണ് പെടുന്നത്. ഒരാളിൽ നിന്ന് അൽഭുതം പ്രകടമാവുന്നു എന്നത് കൊണ്ട് മാത്രം അദ്ധ്യേഹം വലിയ്യാണന്ന് മനസ്സിലാക്കാവതല്ല.
കറാമത്ത് പ്രകടമാവുന്ന വലിയ്യ് ഒരിക്കലും അതിൽ സന്തോഷമോ അഹങ്കാരമോ പ്രകടിപ്പിക്കുകയില്ല.മറിച്ച് അവർക്ക് ഭയഭക്തി വർധിക്കാനേ അത് കാരണമാവൂ. അല്ലാഹുവിൽ നിന്നുള്ള ഇസ്തീദ്റാജാവുമോ എന്ന ഭയമായിരു ക്കും അവരെ ഭരിക്കുന്നത്. എന്നാൽ ഇസ്തിദ്റാജ് നൽകപ്പെടുന്ന വ്യക്തി തന്നിൽ നിന്ന് പ്രകടമാവുന്ന അൽഭുതം കാരണം അഹങ്കരിക്കുന്നു.
ഇസ്തിദ്റാജ് നൽകപ്പെടുന്നവരിൽ നിന്ന് പ്രകടമാവുന്ന ചില ലക്ഷണങ്ങൾ നമുക്ക് കാണാം.
- പ്രസ്തുത സ്ഥാനത്തിനു ഞാനർഹനാ ണന്ന് അഹങ്കരിക്കുക. ആത്മീയോന്നതി യുടെ നിമിത്തം വിനയമാണ്. ഒരാൾ വിനയാന്വിതനായാൽ അല്ലാഹു അവനെ ഉയർത്തും, ഒരാൾ അഹങ്കരിച്ചാൽ അല്ലാഹു അവനെ താഴ്ത്തുകയും ചെയ്യും (ഹദീസ്) അല്ലാഹുവിനു ഒരാളോടും വിയേത്വമോ ബാധ്യതയോ ഇല്ലല്ലോ, പിന്നെ എങ്ങനെ ഒരാൾക്ക് അർഹത വാദിക്കാൻ കഴിയും? വിലായത്തിന്റെ പദവിയിലെത്തി യവർ കരുതുന്നത് “ഞാനൊരിക്കലും ഇതിനർഹനല്ല. അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് ഇതെനിക്ക് നൽകിയതാണ് ” എന്നായിരിക്കും.
- ഇത്തരം അൽഭുതങ്ങൾ പ്രകടമാക്കാൻ കഴിഞ്ഞത് തന്റെ സൽകർമങ്ങൾ നിമിത്തമാണന്ന് അഭിമാനിക്കുക. തന്റെ കർമങ്ങൾ സ്വീകരിക്കപ്പെട്ടു എന്ന ധാരണയിൽ നിന്നു ള്ളതാണിത്. അങ്ങനെ ഉറപ്പിച്ച് പറയാൻ ഒരു വലിയ്യും ദൈര്യപ്പെടില്ല.
അലി (റ)ന്റെ സദസ്സിൽ വെച്ച് ഒരാൾ “അല്ലാഹുവിലേക്ക് വിശുദ്ധ വാക്യം ഉയർന്നു പോകുന്നു, സത്കർമത്തെ അവൻ ഉയർത്തുന്നു” എന്നർത്ഥം വരുന്ന സൂറ: ഫാത്വിറിലെ പത്താം സൂക്തം പാരായണം ചെയ്തു. ഉടനെ സദസ്സിലുണ്ടായിരുന്ന അലിയ്യു ദുഖാഖ്(റ) ഇപ്രകാരം പ്രതികരിച്ചു “നിന്റെ സൽകർമം ഉയർത്തപ്പെട്ടതിന്റെ നാട്യം നിന്നിൽ അവശേഷിക്കാതിരിക്കട്ടെ “
ശരീഅത്തിന്റെ നിയമം പാലിക്കാത്തവരിൽ നിന്ന് ഒരിക്കലും കറാമത്ത് ഉണ്ടാവില്ലന്ന് ചുരുക്കം.
ജിന്നുകൾ
വായുവിനാലോ തീയിനാലോ സൃഷ്ടിക്കപ്പെട്ടവരാണ് ജിന്നുകൾ. അഥവാ വായുവോ തീയോ ആയിരിക്കും അവരിൽ മികച്ച് നിൽക്കുന്ന മൂലകങ്ങൾ. പദാർത്ഥമില്ലാത്ത ആത്മാക്കളാണ് ജിന്നുകളെന്നും ശരീരങ്ങളിൽ നിന്ന് വേർപിരിഞ്ഞ മനുഷ്യരുടെ ആത്മാക്കളാണന്നും അഭിപ്രായമുണ്ട്. ഏതഭിപ്രായമനുസരിച്ചും അവർക്ക് ബുദ്ധിയും കുറഞ്ഞ സമയം കൊണ്ട് പ്രയാസകരമായ ജോലികൾ ചെയ്യാനുള്ള കഴിവും ഉള്ളവരാണവർ (തുഹ്ഫ 7/297)
വിശുദ്ധ ഖുർആനിൽ പത്തൊമ്പത് തവണ ജിന്നിനെ പരാമർശിച്ചതായി കാണാം. സുലൈമാൻ നബി (അ) ന് സേവനത്തിനായി നിരവധി ജിന്നുകൾ ഉണ്ടായിരുന്നതായി ഖുർആൻ പറയുന്നുണ്ട്. ” സുലൈമാൻ (അ) ന്റെ രക്ഷിതാവിന്റെ കൽപ്പന പ്രകാരം അദ്ദേഹത്തിന് മുമ്പാകെ ചില ജിന്നുകൾ ജോലി ചെയ്തിരുന്നു. അവരിൽ ആരെങ്കിലും നമ്മുടെ കൽപ്പനക്ക് എതിര് പ്രകടിപ്പിക്കുന്ന പക്ഷം നാം അവന്ന് കത്തിയാളുന്ന നരക ശിക്ഷ സമ്മാനിക്കു ന്നതാണ്. അദ്ദേഹത്തിന് വേണ്ടി ഉന്നത സൗധങ്ങൾ, ശിൽപങ്ങൾ, വലിയ ജല സംഭരണി പോലുള്ള തളികകൾ , നിലത്ത് ഉറപ്പിച്ച് നിർത്തിയിട്ടുള്ള പാചക പാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും ജിന്നുകൾ നിർമ്മിച്ചിരുന്നു. (സബഅ് 12-13)
മനുഷ്യരേക്കാൾ ശക്തരും ബുദ്ധിയും വിവേകമുള്ളവരും മതശാസനകൾക്ക് വിധേയറുമായ ഒരു വിഭാഗമാണ് ജിന്നുകൾ എന്നാണ് ഖുർആൻ ,ഹദീസ് എന്നിവ പഠിപ്പിക്കുന്നത്.
ജിന്ന് കൂടൽ
ജിന്നിനും പിശാചിനും മനുഷ്യന്റെ ശരീരത്തിൽ കയറാനും ദുർബോധനങ്ങൾ നടത്താനും സാധിക്കു മെന്നാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം. ഇമാം ഇബ്നുഹജർ (റ) വിശദീകരിക്കുന്നു. “ഇബ്നു അബിദ്ദുൻയ (റ) , അബൂ യഅ്ല (റ) , ബൈഹഖി (റ) എന്നിവർ ഉദ്ദരിക്കുന്നു. നബി (സ) പറഞ്ഞു: മനുഷ്യന്റെ ഹൃദയത്തിനു മേൽ പിശാച് തന്റെ തുമ്പി കൈ വെക്കുന്നതാണ്. അവൻ അല്ലാഹു വിനെ സ്മരിച്ചാൽ പിശാച് പിൻവലിയുന്ന തും, അല്ലാഹുവിനെ മറന്നാൽ ഹൃദയത്തി ൽ ദുർബോധനം നടത്തുന്നതുമാണ്. ” സ്വഹീഹായ ഹദീസുകളിൽ വന്നത് പോലെ മനുഷ്യ ശരീരത്തിൽ രക്തം സഞ്ചരിക്കുന്ന എല്ലായിടത്തും പിശാച് എത്തുന്നതാണ്. “മനുഷ്യ ഹൃദയങ്ങളിൽ അവൻ ദുർബോധനം നടത്തും ” എന്ന ആയത്ത് ഇതാണ് അറിയിക്കുന്നത്. മനുഷ്യ ശരീരത്തിലേക്കുള്ള പിശാചിന്റെ പ്രവേശനം നിഷേധിക്കുന്ന മുഅ്തസില ത്ത് പോലുള്ളവർക്ക് ഈ പ്രമാണങ്ങൾ ഖണ്ഡനമാണ്. ഇമാം അഹ്മദ് (റ) വിനോട് ചോദിക്കപ്പെട്ടു ” മനുഷ്യരിൽ നിന്ന് പിശാച് ബാധ ഏറ്റയാളുടെ ശരീരത്തിൽ ജിന്ന് കയറുകയില്ലന്ന് ചിലർ പറയുന്നുണ്ടല്ലോ?” അവിടുന്ന് മറുപടി പറഞ്ഞു ” അവർ കളവാണ് പറയുന്നത്. അവന്റെ നാവിലൂടെ സംസാരിക്കുന്നത് പിശാചാണ്. മനുഷ്യ ശരീരത്തിൽ ജിന്ന് കയറും എന്ന് തന്നെയാണ് നിസ്സംശയം സുന്നത്ത് ജമാഅത്ത് പറയുന്നത്. വിവിധ പരമ്പരക ളിലൂടെ നിവേദനം ചെയ്യപ്പെട്ട ഹദീസിൽ കാണാം ” നബി (സ) യുടെ സന്നിധിയിൽ ഒരു ഭ്രാന്തനെ കൊണ്ടു വന്നു. അപ്പോൾ നബി(സ) അവന്റെ മുതുകിൽ അടിച്ച് പറഞ്ഞു “അല്ലാഹുവിന്റെ ശത്രു പുറത്തിറ ങ്ങൂ. ” അതോടെ പിശാച് പുറത്തിറങ്ങി. മറ്റൊരു ഭ്രാന്തന്റെ വായിൽ തുപ്പിയ ശേഷം അവിടുന്ന് പറഞ്ഞു “അല്ലാഹുവിന്റെ ശത്രു പുറത്തിറങ്ങൂ നിശ്ചയം ഞാൻ അല്ലാഹുവിന്റെ റസൂലാണ് (അൽ ഫതാവൽ ഹദീസിയ്യ)
ജിന്നിനെ ഇറക്കൽ
മനുഷ്യ ശരീരത്തിൽ കയറിയ ജിന്നിനെ നബി (സ) തന്നെ ഇറക്കിയ സംഭവം ഹദീസുകളിൽ നിന്ന് നാം വായിച്ചല്ലോ. ധാരാളം സംഭവങ്ങൾ ഇനിയുമുണ്ട്. ഭ്രാന്തനായ ഒരു കുട്ടിയുടെ നെഞ്ച് നബി (സ) തടവിയപ്പോൾ കറുത്ത നായ്കുട്ടികളെപ്പോലെ എന്തോ പുറത്ത് ചാടി . അവ നിലത്ത് വീണ് ഓടി മറഞ്ഞു (മിശ്കാത്ത് )
പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ജിന്നിനെ ഇറക്കാൻ ആവശ്യമെങ്കിൽ അടിയുമാവാം എന്ന് മുഹമ്മദുബ്നു അബ്ദില്ലാഹി ശിബ് ലി (റ) പറയുന്നുണ്ട്.
ജിന്ന് ബാധയേറ്റ സ്ത്രീക്കു വേണ്ടി പ്രാർത്ഥിക്കാനായി ഖലീഫ മുതവക്കിൽ ഇമാം അഹ്മദുബ്നു ഹമ്പൽ (റ) ന്റെ അടുത്തേക്ക് ആളെ വിടുകയുണ്ടായി. ഇമാം അഹ്മദ് (റ) മരം കൊണ്ട് നിർമ്മിതമായ തന്റെ ചെരിപ്പ് നൽകി കൊണ്ട് പറഞ്ഞു ” അമീറുൽ മുഅ്മിനീ ന്റെ വീട്ടിൽ ചെന്ന് പ്രസ്തുത പെൺകുട്ടിയുടെ തലയുടെ സമീപത്ത് ചെന്ന് ഇപ്രകാരം പറയണം ” ഇമാം അഹ്മദ് നിന്നോട് ഈ സ്ത്രീയിൽ നിന്ന് ഇറങ്ങി പോവാൻ കൽപ്പിക്കുന്നുണ്ട്. അല്ലാത്ത പക്ഷം ഈ ചെരുപ്പ് കൊണ്ട് എഴുപത് അടി ലഭിക്കുന്നതാണ്. അപ്പോൾ ആ സ്ത്രീയുടെ നാവിലൂടെ ജിന്ന് പറഞ്ഞു ” ഞാൻ അനുസരിക്കാം. ഇറാഖിൽ താമസിക്കരുതെന്ന് ഇമാം അഹ്മദ് (റ) ഞങ്ങളോട് പറയുന്ന പക്ഷം ഞങ്ങൾ അവിടെ താമസിക്കുകയില്ല. നിശ്ചയം അദ്ദേഹം അല്ലാഹുവെ അനുസരിക്കുന്ന വ്യക്തിയാണ്. അല്ലാഹുവെ അനുസരിക്കുന്നവർക്ക് എല്ലാ വസ്തുക്കളും അനുസരിക്കുന്നതാണ്
(ആകാമുൽ മർജാൻ)
അല്ലാഹുവെ പൂർണ്ണാർത്ഥത്തിൽ വഴിപ്പെട്ട് ജീവിക്കുന്നവരെ മാത്രമെ ജിന്നുകൾ ഭയപ്പെടുകയൊള്ളൂ എന്ന് മേൽ സംഭവത്തിൽ നിന്ന് വ്യക്തമാണ്.
എന്നാൽ ദിക്ർ ചൊല്ലുകയോ ഖുർആൻ പാരായണം ചെയ്യുകയോ ഉപദേശിക്കുക യോ ഭയപ്പെടുത്തുകയോ ചെയ്താൽ ഇറങ്ങിപ്പോകുന്ന ജിന്നുകളുണ്ട്. എന്നാൽ എത്ര ശിക്ഷിച്ചാലും പോവാത്തവരുമുണ്ട്.
(കിതാബുന്നുബുവ്വത്ത്)
ജിന്നിനെ ഇറക്കുക, ജിന്ന് ചികിൽസ എന്നീ പേരുകളിൽ പാവങ്ങളിൽ നിന്ന് വലിയ തുക പ്രതിഫലം നിശ്ചയിച്ച് വാങ്ങുന്നവരുണ്ട്. അത് അനുവദനീയമല്ല. മഹാനായ ഇബ്നു ഹജർ (റ) പറയുന്നു “മനുഷ്യനിൽ നിന്ന് ജിന്നിനെ ഇറക്കുന്നതിന് പ്രതിഫലം നിശ്ചയിക്കൽ അനുവദനീയമല്ല. കാരണം അതിന്റെ യാഥാർത്ഥ്യം എന്താണന്ന് അറിയില്ലല്ലോ. സൂക്ഷമത പാലിക്കുന്നവർക്കും അല്ലാത്തവർക്കും അത് യോജിച്ചതല്ല. സിഹ്ർ ബാധിച്ചവരെ ചികിൽസിക്കുന്നതിന് പ്രതിഫലം നിശ്ചയിക്കലും ഇപ്രകാരമാണ് (അൽ ഫതാവൽ ഹദീസിയ്യ)
ബാധ ഏറ്റവരെ ഇസ്‌ലാമിന് എതിരല്ലാത്ത രൂപത്തിലെല്ലാം ചികിൽസിക്കാവുന്നതാണ്.
ജിന്നുകൾ ആദൃശ്യം അറിയുമോ?
അദൃശ്യം അറിയുന്നവൻ അല്ലാഹുവാണ്. മുഅ്ജിസത്ത് ,കറാമത്ത് എന്ന നിലക്ക് അല്ലാഹു അറിയിച്ച് കൊടുക്കുന്ന അമ്പിയാക്കൾ, ഔലിയാക്കൾ എന്നിവരും അറിയും. അല്ലാതെ പലരും തെറ്റിദ്ധരിച്ചത് പോലെ ജിന്നുകൾ അദൃശ്യം അറിയുന്നില്ല. മനുഷ്യർക്ക് അറിയാത്ത ചില കാര്യങ്ങൾ അറിയാനും മനുഷ്യർക്ക് ചെയ്യാൻ സാധിക്കാത്ത പലകാര്യങ്ങളും ചെയ്യാനുമുള്ള കഴിവ് ജിന്നുകളെ പ്രകൃതി പരമായ ശേഷിയാണ്. ആ നിലക്ക് മനുഷ്യർക്ക് അദൃശ്യമായ പലതും ജിന്നുകൾക്ക് ദൃശ്യമാവാം. സുലൈമാൻ നബി (അ) നെ ഭയന്ന് കഠിന ജോലിയിലേ ർപ്പെട്ട ജിന്നുകൾക്ക് മുന്നിൽ നബി നിസ്കാരത്തിൽ പ്രവേശിച്ചു. നിസ്കാരത്തിനിടെ അവിടുന്ന് പരലോകം പുൽകി. നബി ഒരേ നിർത്തം തന്നെ. ഒരു വർഷം കഴിഞ്ഞ് മഹാനവർകളുടെ ഊന്ന് വടി ചിതൽ തിന്നതോടെ നബി മറിഞ്ഞ് വീണപ്പോൾ മാത്രമാണ് ജിന്നുകൾ മരണ വിവരം അറിയുന്നത്. ഈ വസ്തുത ഇമാം റാസി (റ) വിവരിക്കുന്നുണ്ട് ” ഭൗതിക കാര്യങ്ങളിൽ നിന്ന് അധികവും മനുഷ്യൻ അറിയുന്നില്ല. ജിന്നുകൾ ഭൗതിക കാര്യങ്ങൾ മാത്രമാണ് അറിയുന്നത്. മനുഷ്യനെ അപേക്ഷിച്ച് അത് അഭൗതിക കാര്യങ്ങളാണങ്കിലും ശരി. സുലൈമാൻ നബി (അ) ന്റെ സംഭവത്തിലൂടെ തങ്ങൾക്ക് അദൃശ്യം അറിയില്ലന്ന് ജിന്നുകൾക്കും ബോധ്യമായി. കാരണം അദൃശ്യം അറിഞ്ഞിരുന്നങ്കിൽ സുലൈമാൻ നബി (അ) ജീവിച്ചിരിക്കുന്ന വരാണന്ന് ധരിച്ച് അതി കഠിന ജോലി കളിൽ അവർ തുടരുമായിരുന്നില്ല (റാസി)
ജിന്ന് സേവ നടത്താമോ?
ജിന്നുകളിൽ നിന്ന് മനുഷ്യർക്ക് സഹായം ലഭിക്കും. അവ രണ്ടു വിധമുണ്ട്.
- ജിന്നുകൾ സ്വമേധയാ വഴങ്ങുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുക. പുണ്യാത്മാക്ക ളായ അല്ലാഹുവിന്റെ സജ്‌ജനങ്ങളായ അടിമകൾക്കാണ് ഇവർ സ്വമേധയാ വഴങ്ങുക. അല്ലാഹുവിനെ പേടിക്കുന്നവരെ എല്ലാം ഭയക്കുമല്ലോ. സുലൈമാൻ നബി (അ) യഥേഷ്ടം ജിന്നുകളുടെ സേവനം ലഭിച്ചിരുന്നത് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അപ്പോൾ മഹാന്മാർക്ക് അവരാവശ്യപ്പെടു ന്നതല്ലാം ചെയ്തു കൊടുത്ത് ജിന്നുകൾ സേവനം ചെയ്യുന്നതാണ്.
- ജിന്നിനെ തൃപ്തിപ്പെടുത്തി അവരിൽ നിന്ന് സഹായം നേടിയെടുക്കലാണ് രണ്ടാമത്തെ ഇനം. ദുഷിച്ച മനസ്സോടെ തിന്മ ചെയ്തും ധിക്കാരിയായും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മറ്റും ചെയ്യുന്നവരെയാണ് ജിന്നുകളിലെ പിശാചുക്കൾക്ക് ഏറ്റവും താൽപര്യം. പിശാചിന്റെ തൃപ്തി നേടാനായി ചില പൈശാചിക ദുർമന്ത്രം , പൂജ, സേവാ , പ്രാർത്ഥന എന്നിവ അവർ നടത്തുന്നു. അതിനാൽ ചില ഉപകാരങ്ങളൊക്കെ പിശാച് അവന് ചെയ്തു കൊടുക്കുന്നു. പിശാചിനെ തൃപ്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നാൽ ചില അൽഭുത സിദ്ധികളൊക്കെ ജനങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ സാധിച്ചേക്കും. വെള്ളത്തിലൂടെ നടക്കുക, അന്തരീക്ഷത്തിൽ വെച്ച് വല്ല സാധനവും എടുക്കുക, അന്തരീക്ഷത്തിലൂടെ പറക്കുക തുടങ്ങിയവയല്ലാം അത്തരക്കാർക്ക് കഴിഞ്ഞേക്കാം. ഇത്തരം ജിന്ന് സേവകരെ ഒരിക്കലും സമീപിച്ചുകൂടാ. അവരുടെ ദുർമന്ത്രങ്ങളും മറ്റും ഒരു പക്ഷെ ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ വരെ കാരണമായേക്കും. അന്യ സ്ത്രീ പുരഷൻ ദർശന സ്പർഷന സാഹചര്യം ഉണ്ടാക്കുന്നതും തെറ്റാണ്. അത്തരം ചികിൽസകൾ ആത്മീയമല്ല. ഇസ്ലാമിന് എതിരല്ലാത്ത വിധമുള്ള ചികിൽസയാണ് നടത്തേണ്ടത്. നിരവധി പേര് അറിവില്ലായ്മയാൽ വഞ്ചിക്കപ്പെടുന്ന മേഖലയായതിനാൽ ഇത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
നിരൂപണം
മേൽ വിശദീകരണങ്ങളുടെ അടിസ്ഥാന ത്തിൽ ആമുഖത്തിൽ പറഞ്ഞ സംഭവങ്ങ ളെ നമുക്ക് വിലയിരുത്താം. ഹറാമായ , കറാഹത്തായ കാര്യങ്ങൾ, വഞ്ചന എന്നിവ ചെയ്തു വരുന്ന രണ്ടു സംഭവങ്ങളിലേയും നായകന്മാൻ ഔലിയാക്കൾ അല്ലേ അല്ല. പ്രത്യക്ഷത്തിൽ അദൃശ്യ കാര്യങ്ങളുടെ പ്രഖ്യാപനം എന്ന് തോന്നിക്കുന്ന ചില പരാമർശങ്ങൾ അവരിൽ നിന്ന് ഉണ്ടായത് കറാമത്തുമല്ല. ജിന്ന് സേവയിലൂടെ ജിന്നുകളിൽ നിന്ന് ചില സഹായങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് നാം മനസ്സിലാക്കിയല്ലോ. ഇതും അത്തരമൊരു സഹായത്തിന്റെ ഭാഗമാണ്. ഓരോ മനുഷ്യനും ഒരു മലക്കിന്റെ യും പിശാചിന്റെയും സാന്നിദ്ധ്യമുണ്ടന്ന് ഹദീസിലുണ്ട്. ഇത്തരം ജിന്ന് സേവകരുടെ മുമ്പിൽ എത്തിപ്പെടുന്ന വ്യക്തിയുടെ പിശാചിൽ നിന്ന് അവർ സേവിക്കുന്ന ജിന്ന് മുമ്പ് നടന്ന കാര്യങ്ങൾ ദ്രുതഗതിയിൽ ശേഖരിച്ച് അവർക്ക് എത്തിച്ച് കൊടുക്കുന്നു. ജിന്നുകളെ സംബന്ധിച്ചിടത്തോളം ഇതൊരു നിസ്സാര കാര്യം മാത്രമാണ്. ജിന്നിൽ നിന്ന് ലഭിച്ച കാര്യങ്ങൾ ജനങ്ങളോട് തന്റെ വലിയ കറാമത്തായി അവർ അവതരിപ്പിക്കുക യാണ് ചെയ്യാറുള്ളത്. അതി വിദൂരത്തുള്ള കാര്യങ്ങളും നിമിഷാർദ്ദങ്ങളെ കൊണ്ട് കണ്ടത്തി കൊണ്ട് വരാനും ജിന്നുകൾക്ക് സാധിക്കുന്നതാണ്. അഥവാ അവരുടെ പ്രകൃതിപരമായ കഴിവിൽ പെട്ടതാണ്. എന്നാൽ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യം പറയാൻ ജിന്നിന് സാധ്യമല്ല. അതാണ് ഒന്നാം സംഭവത്തിൽ നാം കണ്ടത്. എന്റെ യാത്രയിൽ സംഭവിച്ച കാര്യങ്ങൾ കൃത്യമായി പറഞ്ഞ അദ്ദേഹം തിരിച്ചുള്ള യാത്രയിൽ എന്ത് സംഭവിക്കുമെന്ന എന്റെ ചോദ്യത്തിന് മുമ്പിൽ അദ്ദേഹം കോപാകുലനായതും മറ്റൊന്നും കൊണ്ടല്ല. അതിനാൽ ഇത്തരം വ്യാജന്മാരുടെ മുമ്പിൽ എത്തിപ്പെടുന്നതും, തുടർന്ന് സാമ്പത്തിക നഷ്ടം, അഭിമാന നഷ്ടം പോലുള്ള വിനകളിൽ പെട്ടു പോകുന്നതും വിശ്വാസികൾ നാന്നായി ശ്രദ്ധിക്കണം. അല്ലാഹുവിനെ ഭയപ്പെടുന്ന ശരീഅത്തിന്റെ കാവൽക്കാരായ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് കൊണ്ടല്ലാതെ ഇത്തരം പ്രശ്ണങ്ങൾക്ക് പരിഹാരം തേടാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.