കൽപറ്റ: രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ സമഗ്ര മലബാർ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി.എച്ച് ആവശ്യപ്പെട്ടു. ‘മലബാർ വിദ്യാഭ്യാസ അവകാശ സമരം’ വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് വയനാട് നവംബർ 1 മുതൽ 15 വരെ ‘മലബാറും വയനാടും; വിദ്യാഭ്യാസ വിവേചനങ്ങളെ ചോദ്യം ചെയ്യുന്നു’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായുള്ള ത്രിദിന വാഹനപ്രചാരണത്തിന്റെയും കലാജാഥയുടെയും സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എൽ സി ഫലം പുറത്തുവന്ന ഉടൻ മുൻ വർഷങ്ങളേക്കാൾ രൂക്ഷമാകുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ കുറിച്ച് വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും മുന്നറിയിപ്പ് നൽകിയിട്ടും
ധാർഷ്ട്യത്തോടെ മുന്നോട്ടു പോയ സർക്കാരാണ് ഹയർ സെക്കൻഡറി മേഖലയിലെ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉത്തരവാദി. 100 പുതിയ ബാച്ച് അനുവദിച്ചാൽ പോലും 6000 സീറ്റുകളെ വർധിക്കൂ. ഇതെല്ലാം മുന്നിൽ കണ്ടാണ് വളരെ നേരത്തെ വിദ്യാർഥി സംഘടനകളും വിദ്യാഭ്യാസ കൂട്ടായ്മകളും പ്രശ്ന പരിഹാരത്തിന് സമഗ്ര പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടത്. അപ്പോഴൊക്കെ സംസ്ഥാനത്ത് പത്താം ക്ലാസ് പാസായവർക്കെല്ലാം പ്ലസ് വൺ സീറ്റുണ്ടെന്ന വിചിത്രമായ വാദം ഉന്നയിച്ച വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ ആകെയുള്ള 78 ൽ 50 താലൂക്കുകളിലും പ്ലസ് വൺ സീറ്റ് കുറവുണ്ടെന്നും മുഴുവൻ എ പ്ലസ് കിട്ടിയ 5812 വിദ്യാർഥികൾക്ക് ഇതുവരെ അഡ്മിഷൻ ഉറപ്പുവരുത്താനായിട്ടില്ലെന്നും സമ്മതിക്കേണ്ടി വന്നു. എന്നിട്ടും താൽക്കാലിക പരിഹാരങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. തൽക്കാലിക പരിഹാരങ്ങൾക്ക് അപ്പുറമുള്ള ശാശ്വത പരിഹാരമുണ്ടാകും വരെ, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാകുംവരെ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് സമര രംഗത്തു തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. മാനന്തവാടി മണ്ഡലത്തിൽ നിന്നാരംഭിച്ച വാഹപ്രചാരണവും കലാജാഥയും സുൽത്താൻ ബത്തേരി, കൽപറ്റ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചാണ് കൽപറ്റയിൽ സമാപിച്ചത്. വാഹന പ്രചാരണത്തോടനുബന്ധിച്ചുള്ള കലാജാഥയിൽ സമകാലിക വിഷയങ്ങൾ കോർത്തിണക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച ‘വില്ലടിച്ചാം പാട്ട്’ ജനശ്രദ്ധയാകർഷിച്ചു. സമാപന സമ്മേളനത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ വൈസ് പ്രെസിഡന്റ് ഹിശാമുദ്ധീൻ പുലിക്കോടൻ അധ്യക്ഷത വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ.കെ റഹീന ടീച്ചർ മുഖ്യാതിഥിയായി. വെൽഫെയർ പാർട്ടി ജില്ലാ പ്രെസിഡന്റ് വി മുഹമ്മദ് ശരീഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായ നഈമ ആബിദ്, മുഹമ്മദ് ഷഫീഖ് ടി, ജില്ലാ സെക്രട്ടറിമാരായ റമീല സി.കെ, ദിൽബർ സമാൻ ഇ.വി, ശുഐബ് മുഹമ്മദ് ആർ.വി എന്നിവർ സംസാരിച്ചു.