അഭിമാന നിമിഷത്തിൽ പങ്കാളിയായി മലയാളി സൈനികനും

Kerala National

കായംകുളംഃ 119 ദിവസം കൊണ്ട് 1600 കിലോമീറ്റർ ദൂരം മഞ്ഞുമലകൾക്ക് മുകളിലൂടെ ഇന്ത്യൻ കരസേനയിലെ 12 അംഗ സംഘം സ്കി പര്യവേക്ഷണം പൂർത്തിയാക്കിയപ്പോൾ ആ അഭിമാന നിമിഷത്തിൽ പങ്കാളിയായി മലയാളി സൈനികനും. കരസേനയിൽ ക്യാപ്റ്റനായ ചേപ്പാട് മുട്ടം മാടയിൽ വൈശാഖ് ഗോപനും (27) സംഘവും സേനയുടെ നിർദേശപ്രകാരമാണ് അതീവ ദുഷ്കരമായ സ്കി പര്യവേക്ഷണത്തിന് ഇക്കഴിഞ്ഞ മാർച്ച് 10ന് ലഡാക്കിലെ കാരക്കോറം പാസിൽ നിന്ന് ഉത്തരാഖണ്ഡിലെ മലാരി ലക്ഷ്യമാക്കി 15000 അടി ഉയരത്തിലൂടെയും അതിന് ആനുപാതികമായ താഴ്‌വരയിലൂടെയും ദിനരാത്രങ്ങൾ സഞ്ചരിച്ചത്.
ജൂലൈ 6 ന് ദൗത്യം വിജയകരമായി പൂർത്തിയായി. താപനില മൈനസ് ഡിഗ്രിയിലെത്തുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ടായിരുന്നു. ഓക്സിജൻ കിട്ടാനും ബുദ്ധിമുട്ട് നേരിട്ടു. 35കിലോ ഭാരമുളള എമർജൻസി കിറ്റും ഇവർ കരുതിയിരുന്നു. കല്ലും മണ്ണും നിറഞ്ഞ പാതകളിൽ പകലും മഞ്ഞ് മലകളുള്ള ഭാഗത്ത് രാത്രിയിലുമായിരുന്നു യാത്ര. കശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ദൂരം താണ്ടിയത്. പ്രതിരോധ മന്ത്രാലയം മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കലക്ടർ എ.അലക്സാണ്ടർ വീട്ടിലെത്തി വൈശാഖിനെ അനുമോദിച്ചു. അച്ഛൻ റിട്ട.സുബേദാർ മേജർ ഗോപകുമാറിന്റെ പാത പിന്തുടർന്നാണ് വൈശാഖ് രാജ്യസേവനം തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *