കൊച്ചിഃ ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായാൽ എക്സൈസ് കമ്മിഷണർ മറുപടി പറയേണ്ടി വരുമെന്ന് ഹൈക്കോടതി. മദ്യശാലകളിലെ തിരക്കു പരിഗണിച്ച് സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം ആവർത്തിച്ചത്. മദ്യം വാങ്ങാൻ എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കേസ് പരിഗണിക്കുമ്പോൾ ഉയർത്തിയ ചോദ്യങ്ങൾ കോടതി ഇന്നും ആവർത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത എത്ര മദ്യശാലകൾ പൂട്ടിയെന്ന ചോദ്യത്തിന് 96 എണ്ണത്തിൽ 32 എണ്ണം മാറ്റി സ്ഥാപിക്കുമെന്ന് ബെവ്കോ അറിയിച്ചു. ബാക്കിയുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് തീരുമാനമെന്നും വ്യക്തമാക്കി. മദ്യവിൽപന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് എക്സൈസ് കമ്മിഷണറുടെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി കൃത്യമായി വ്യക്തമാക്കി.