ബ്രിട്ടനിലെ വെയ്ല്‍സ് തീരമേഖലയില്‍ ഡൈവിങ് നടത്തുകയായിരുന്നു ജെയ്ക് ഡേവിസ്. ഫോട്ടോഗ്രാഫറും മറൈന്‍ ബയോളജിസ്റ്റുമായ ജെയ്ക് ഡേവിസ് അവിചാരിതമായാണ് ഒരു ജീവിയെ കണ്ടെത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടിനോട് ചേര്‍ന്ന് നീങ്ങുന്ന ഈ ജീവിയെ വൈകാതെ ജെയ്ക് ഡേവിസ് തിരിച്ചറിഞ്ഞു. ലോക സമുദ്രജീവി പട്ടികയില്‍ അതീവവംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട മാലാഖ സ്രാവ് അഥവാ എയ്ഞ്ചൽ ഷാര്‍ക്ക് ആയിരുന്നു ഈ ജീവി. ഇതാദ്യമായിട്ടാണ് ബ്രിട്ടന്റെ തീരത്ത് ഈ ജീവിയെ കണ്ടെത്തുന്നത്.ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ചുവന്ന പട്ടിക പ്രകാരം കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി ഈ സ്രാവിന്റെ എണ്ണം കുറഞ്ഞു വരികയാണ്. അത് കൊണ്ട് തന്നെ ശൈശവം വിടാത്ത പ്രായത്തിലുള്ള ഈ പുതിയ സ്രാവിന്റെ കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്കുന്ന കാര്യമാണ്. ഒരു പക്ഷേ ഈ ജീവികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഈ പുതിയ അംഗത്തിന്റെ കണ്ടെത്തല്‍ ഭാവിയില്‍ സഹായിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ദൃശ്യത്തിലുള്ള കുട്ടി സ്രാവ് കൂടുതൽ പ്രതീക്ഷകൾ ശാസ്ത്രലോകത്തിന് നല്‍കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്രാവിന്റെ പ്രായമാണ്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ശൈശവ പ്രായം വിട്ട് മാറാത്ത ഒരു സ്രാവാണ് ദൃശ്യത്തിലുള്ളത്. അതുകൊണ്ട് തന്നെ ഈ സ്രാവിന്റെ ജനനം ഇതേ മേഖലയില്‍ തന്നെയാണ് സംഭവിച്ചതെന്ന് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നു. ഇതിലൂടെ തന്നെ എയ്ഞ്ചൽ സ്രാവുകളുടെ പ്രജനനം ഈ മേഖലയില്‍ സജീവമായിരിക്കാമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു. ഇതാദ്യമാണ് ഈ മേഖലയില്‍ എയ്ഞ്ചൽ ഷാര്‍ക്കുകളും പ്രജനനവും പ്രത്യുത്പാദനവും സംബന്ധിച്ച തെളിവുകള്‍ ലഭിക്കുന്നത്.