കിഴക്കമ്പലംഃ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാർ പാഞ്ഞുകയറി പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിലുണ്ടായിരുന്ന രോഗിയായ ഹോമിയോ ഡോക്ടർ ആശുപത്രിയിലും മരിച്ചു. കിഴക്കമ്പലം പഞ്ചായത്ത് 16–ാം വാർഡ് മാളേയ്ക്കമോളം ഞെമ്മാടിഞ്ഞാൽ കോരങ്ങാട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുബൈദ (46), പൊയ്യയിൽ യൂസഫിന്റെ ഭാര്യ നെസീമ (47), പുക്കാട്ടുപടി വിചിത്ര ഭവനിൽ ലാൽജിയുടെ ഭാര്യ ഡോ.സ്വപ്ന (50) എന്നിവരാണ് മരിച്ചത്.
ബ്ലായിപറമ്പിൽ സമദിന്റെ ഭാര്യ സാജിത(48), കൂണാംപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീവി(47) എന്നിവരെ പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 5.45ന് പഴങ്ങനാട് ഷാപ്പുംപടിക്കു സമീപമാണ് അപകടം. ഡോ.സ്വപ്ന വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ലാൽജി,ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടം. അപകടമുണ്ടായെങ്കിലും രോഗിയെ ആശുപത്രിയിൽ എത്തിക്കാനായി കാർ നിർത്താതെ പോയി.
ആശുപത്രിയിൽ നിന്നു സംഭവ സ്ഥലത്തേക്ക് ആംബുലൻസ് അയച്ചു. സുബൈദ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലെത്തിയതിനു ശേഷമാണ് നെസീമ മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിലാണ് ഡോ.സ്വപ്നയും മരിച്ചത്. ലാൽ കൃഷ്ണ, മാളവിക എന്നിവരാണ് ഡോ.സ്വപ്നയുടെ മക്കൾ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന്. സുൽഫത്ത്, ഫാത്തിമ, അസ്‌ലം എന്നിവരാണ് സുബൈദയുടെ മക്കൾ. മരുമകൻ റിയാസ്. ഷാഹിറ, ഷെഹ്ന, സാദത്ത് എന്നിവരാണ് നെസീമയുടെ മക്കൾ. സുബൈദ, നെസീമ എന്നിവരുടെ കബറടക്കം നടത്തി.
നെസീമ അപകടത്തിൽ പെട്ടത് ആദ്യ ദിവസത്തെ പ്രഭാത നടത്തത്തിൽ തന്നെ. കൊളസ്ട്രോൾ കൂടുതലെന്നു കണ്ടതിനെത്തുടർന്നാണ് അയൽവാസികളോടൊപ്പം നെസീമയും ഇന്നലെ നടക്കാനിറങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് മറ്റുള്ളവരെ കണ്ടപ്പോൾ ശനിയാഴ്ച മുതൽ താനും നടക്കാൻ വരുമെന്ന് നെസീമ പറഞ്ഞിരുന്നു. രാവിലെ ചെറിയ മഴ ഉണ്ടായതിനാൽ പലരും ഇന്നലെ നടക്കാൻ ഇറങ്ങിയില്ല. മാളേയ്ക്കമോളം റോഡിൽ നിന്നു പ്രധാന റോഡായ പുക്കാട്ടുപടി–കിഴക്കമ്പലം റോഡിലേക്ക് കയറി 10അടി നടന്നപ്പോഴാണ് അപകടം ഉണ്ടായത്. അര കിലോമീറ്റർ ചുറ്റളവിലാണ് എല്ലാവരുടെയും വീട്. മറ്റു മൂന്ന് പേരും വർഷങ്ങളായി നടക്കാറുണ്ടായിരുന്നു.