കോഴിക്കോട് കൂരാച്ചുണ്ടിൽ കോഴികൾ ചത്തത് പക്ഷിപ്പനി മൂലമെന്നു സംശയം. കൂരാച്ചുണ്ട് കാളങ്ങാലിയിലെ ഫാമിലെ 300 കോഴികളാണ് ചത്തത്. സാംപിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നാളെ വൈകുന്നേരം പക്ഷിപ്പനിയാണോ അല്ലയോ എന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവും.
പക്ഷിപ്പനി സ്ഥിരീകരിച്ചാൽ സംസ്ഥാനത്തെ കോഴിക്കർഷകരുടെ നില കൂടുതൽ പരുങ്ങലിലാകും. പക്ഷികളെ കൊല്ലേണ്ട സാഹചര്യമുണ്ടായാൽ ഇപ്പോൾത്തന്നെ സാമ്പത്തികപ്രതിസന്ധിയിലായിരിക്കുന്ന കർഷകർക്ക് വലിയ തിരിച്ചടിയാകും. തീറ്റവില ഉയർന്നു നിൽക്കുന്നതിനാലും കോവിഡ് പ്രതിസന്ധിയിലെ വിലയിടിവും മൂലം പല കർഷകരും കടക്കെണിയിലാണ്.
സാധാരണ പക്ഷികളിൽ രോഗ ബാധയേറ്റ് 2 മുതൽ 5 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. പക്ഷികളിൽനിന്ന് പക്ഷികളിലേക്ക് വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠം, സ്രവങ്ങൾ, ഉപകരണങ്ങൾ, പരിചരണത്തിലേർപ്പെടുന്ന മനുഷ്യർ, പക്ഷികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിലൂടെ മറ്റു സ്ഥലങ്ങളിലേക്ക് രോഗം പകരാം. തീറ്റ, കുടിവെള്ളം എന്നിവയിലൂടെയും രോഗപ്പകർച്ച സാധ്യമാണ്.