രക്ഷാപ്രവർത്തനത്തിന് ആർജെഡിയുടെ ‘ലാലു നൗക’കൾ

National

പട്ന; വടക്കൻ ബിഹാറിലെ പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ആർജെഡിയുടെ ‘ലാലു നൗക’കൾ. പ്രളയബാധിതരെ സഹായിക്കണമെന്ന പാർട്ടി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആഹ്വാനം അനുസരിച്ചാണു ശിവ്ഘറിലെ ആർജെഡി നേതാവ് സഈദ് ഫൈസൽ അലി 14 നൗകകൾ രക്ഷാപ്രവർത്തനത്തിന് ഇറക്കിയത്. പാർട്ടി പതാകയുടെ പച്ച നിറത്തിലുള്ള നൗകകളിൽ പാർട്ടി ചിഹ്നമായ റാന്തലും പതിച്ചിട്ടുണ്ട്. തേജസ്വി യാദവ് നീണാൾ വാഴ്ക എന്നെഴുതിയ ബാനറും കാണാം.ലോക്ഡൗൺ കാലത്ത് ബിഹാറിലേക്കു മടങ്ങിയെത്തിയ തൊഴിലാളികൾക്കു ഭക്ഷണം നൽകാൻ ആരംഭിച്ച ‘ലാലു കിച്ചൻ’ ഇപ്പോൾ പ്രളയബാധിത മേഖലകളിൽ തുടങ്ങിയിട്ടുണ്ട്. പാർട്ടി എംഎൽഎമാരാണ് സംഘാടകർ. കോവിഡ് – പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് ആർജെഡിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെന്നു പാർട്ടി വക്താവ് ചിത്തരഞ്ജൻ ഗഗൻ വിശദീകരിച്ചു. ജനങ്ങളെ സഹായിക്കുന്നതിനേക്കാൾ പാർട്ടിയുടെ പ്രചാരണ പരസ്യങ്ങൾക്കാണ് ആർജെഡിയുടെ പദ്ധതികളെന്നു ജെഡിയു വക്താവ് രൺബീർ നന്ദൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *