വെള്ളമുണ്ടഃ കറുപ്പക്കായ് എന്ന വയണക്കായ്ക്ക് റെക്കോഡ് വില. ജില്ലയില്‍ കറുപ്പമരമെന്നും മറ്റിടങ്ങളില്‍ വയണ മരമെന്നും വിളിക്കുന്ന ഈ മരത്തില്‍ ഉണ്ടാവുന്ന ഗ്രാമ്ബൂ പോലത്തെ കായ്. ഒരു കിലോക്ക് 1300 രൂപയിലധികമാണ് വില. കറുത്ത പൊന്നെന്ന് അറിയപ്പെടുന്ന കുരുമുളകിന് 400 രൂപയേ വിലയുള്ളൂ. പെയിന്റില്‍ ചേര്‍ക്കാനും സുഗന്ധദ്രവ്യമായും ഇത് ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും മറ്റ സംസ്ഥാനങ്ങളിലേക്കാണ് കയറ്റിപ്പോകുന്നത്. കാപ്പിയും അടക്കയുമൊക്കെ പാട്ടത്തിനെടുക്കുന്നവര്‍ തന്നെയാണ് വീടുകളില്‍ പോയി കറുപ്പക്കായ്യും എടുക്കുന്നത്.ഓരോ മരത്തിലുമുള്ള കായ്ക്ക് മൊത്തത്തില്‍ വില നിശ്ചയിച്ച് അതിന്റെ കൊമ്പ് വെട്ടിയാണ് കായ് പറിക്കുന്നത്. വെട്ടിയ കൊമ്ബുകള്‍ വീടുകളിലെത്തിച്ച് സ്ത്രീകളെ ഉപയോഗിച്ച് പറിച്ച് ഉണക്കിയെടുത്താണ് വില്പന നടത്തുന്നത്. കോവിഡ് കാലത്ത് വീട്ടില്‍ വെറുതെയിരിക്കുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് ഇതൊരു ആശ്വാസമാവുകയാണ്. ഒരു വര്‍ഷം നന്നായി വിളവെടുത്ത മരത്തിെന്റ കൊമ്ബുകള്‍ മുറിക്കുന്നതിനാല്‍ തൊട്ടടുത്ത വര്‍ഷം ആ മരത്തില്‍നിന്നു കായ് ലഭിക്കില്ല. ഒരു കിലോ പച്ചക്കായ് പറിച്ചാല്‍ അമ്ബത് രൂപ കിട്ടുമെന്നും ഒരു ദിവസം 20 കിലോക്ക് മുകളില്‍ പറിക്കാന്‍ കഴിയുമെന്നും സ്ത്രീകള്‍ പറയുന്നു. തണുപ്പുള്ള പ്രദേശങ്ങളില്‍ കൂടുതലായി വിളവ് ലഭിക്കുന്ന കറുപ്പക്കായ് ഉണക്കി ഓയിലുണ്ടാക്കി പെര്ഫ്യൂമിന് വേണ്ടിയാണ് പോകുന്നതെന്നും ആയിരം രൂപയില്‍ കുറയാതെ എല്ലാ കാലത്തും വില ലഭിക്കുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു.