ഇന്ധനവില കൊള്ളയ്‌ക്കെതിരെ ഇന്ന് സംസ്ഥാനത്തെ നിരത്തുകള്‍ 15 മിനിറ്റ് നിശ്ചലമാകും

Kerala

ഇന്ധനവില കൊള്ളയ്‌ക്കെതിരെ ഇന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ നിരത്തുകള്‍ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി പകല്‍ 11 മുതല്‍ 11.15 വരെ നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.

ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടാണ് സമരം. സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലന്‍സിന് യാത്രാസൗകര്യം സമര വൊളന്റിയര്‍മാര്‍ ഉറപ്പുവരുത്തും.

പെട്രോള്‍, ഡീസല്‍ വിലവര്‍ധന റോഡ് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതം തകര്‍ത്തുവെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

ഇന്ധന വില കൂട്ടലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയില്‍ കേന്ദ്രം വീണ്ടും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോള്‍ വില 100 ന് അരികിലെത്തി. ഞായറാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്.

ഇതോടെ പെട്രോളിന് തിരുവനന്തപുരം നഗരത്തില്‍ 99. 20 രൂപയും ഡീസലിന് 94. 47 രൂപയുമായി. കൊച്ചിയില്‍ 97.32 രൂപയും 92. 71 രൂപയും കോഴിക്കോട്ട് 97.63, 93.02 രൂപയുമാണ് ഈടാക്കിയത്. പ്രീമിയം പെട്രോള്‍ വില തിരുവനന്തപുരത്ത് 102.58 രൂപയും കാസര്‍കോട്ട് 101.82 രൂപയുമായി. ഈമാസം 11 വണയായി പെട്രോളിന് 2.99 രൂപയും ഡീസലിന് മൂന്ന് രൂപയും കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *