പത്രപ്രവർത്തകൻ തന്റെ ഉമ്മയെ കുറിച്ചെഴുതിയ മാതൃദിന കുറിപ്പ് ശ്രദ്ധേയമാകുന്നു.

Kerala Wide Live Special

പ്രമുഖ പത്രപ്രവർത്തകൻ പി.സി.അബ്ദുല്ല മാതൃദിനത്തിൽ തന്റെ ഉമ്മയെ കുറിച്ചെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ്ബുക്കിൽ പി.സി എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം..”
ഓര്‍മകളില്‍ എന്‍റുമ്മ;നോമ്പു കാലവും..
സുഖദമായ എന്റെ നോമ്പുകാല സ്മരണകളില്‍ ആദ്യമോടിയെത്തുന്നത് ഉമ്മയുടെ മുഖപ്പകര്‍ച്ചകളാണ്. ഉമ്മ പക്ഷേ, ഒരോര്‍മയല്ല; ആത്മാവില്‍ പടരുന്നൊരു വികാരം തന്നെയാണെനിക്ക്. പിറവിക്കു പിമ്പേയുള്ള പ്രയാണഘട്ടങ്ങളില്‍ ബോധങ്ങളിലേക്കു പതിഞ്ഞ ഉമ്മയുടെ മുഖവും മണവും. ഒടുവില്‍, വൃക്കരോഗവാര്‍ഡിന്റെ അങ്ങേയറ്റത്തെ ഡയാലിസിസ് മുറിയുടെ നേരിയ വെളിച്ചത്തില്‍ ബോധത്തിനും അബോധത്തിനുമിടയില്‍ നീലിച്ചുപോയ ഉമ്മയുടെ ദീനമുഖം. അനന്തരം, ഉമ്മ മയ്യിത്തു കട്ടിലേറിപ്പോയപ്പോള്‍ ബാക്കിയായ കഫന്‍തുണികളില്‍ പൂശിയ മജ്മൂഅ് അത്തറിന്റെ മായാത്ത മണം. ഓര്‍മകളുടെ വിഷാദഗന്ധം…റജബ് മാസം അവസാനിക്കാറാവുമ്പോള്‍ തുടങ്ങും റമദാനെ വരവേല്‍ക്കാനുള്ള ഉമ്മയുടെ വെപ്രാളങ്ങള്‍. ഏതൊരു പരമ്പരാഗത മുസ്‌ലിം വീട്ടമ്മയെയും പോലെ ബറാഅത്തിനു മുമ്പേ ഉമ്മ നോമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. അന്നു റൈസ്മില്ലുകള്‍ അധികമില്ല. മിക്‌സിയും ഗ്രൈന്‍ഡറും ബ്രാന്റഡ് മസാലപ്പായ്ക്കറ്റുകളും വയനാടന്‍ചുരം കയറിയെത്തിയിട്ടില്ല. നോമ്പുതുറക്കും തറാവീഹിനു ശേഷമുള്ള മുത്താഴത്തിനും വേണ്ട അപ്പത്തരങ്ങളായ ഓട്ടുപത്തിരി, കുഞ്ഞിപ്പത്തിരി, കോഴിയട, കൊമ്പനട, പോള, കലത്തപ്പം തുടങ്ങിയവയുണ്ടാക്കാന്‍ ഒരു മാസത്തേക്കാവശ്യമായ പച്ചരിയും പുഴുക്കലരിയും പൊതിര്‍ത്തിയുണക്കി ഉരലില്‍ ഇടിച്ചുപൊടിച്ച് വറുത്തു സൂക്ഷിക്കണം. കറിക്കൂട്ടുകള്‍ക്കു വേണ്ട മല്ലിയും മുളകും മഞ്ഞളും ഉരലിലാണ് ഇടിക്കുക. അയല്‍പക്കത്തെ പെണ്ണുങ്ങളെ സംഘടിപ്പിച്ചുള്ള ആ ഇടിക്കലിന്റെയും പൊടിക്കലിന്റെയും താളം റമദാന്‍ ആസന്നമായതിന്റെ അക്കാലത്തെ ഗ്രാമീണ വിളംബരമാണ്. ബറാഅത്തിനും റമദാനിനും ഇടയിലുള്ള രാപ്പകലുകളിലെല്ലാം നോമ്പുമണക്കുന്നുവെന്ന് ഉമ്മ പറഞ്ഞുകൊണ്ടേയിരിക്കും. രാവിലേക്കു സജീവമാവാന്‍ വേണ്ടി ആ നാളുകളില്‍ ഉമ്മയുടെയും വീടിന്റെയും പകലുകള്‍ നിര്‍ജീവമാവുന്ന ഒരവസ്ഥ. നോമ്പടുപ്പിച്ചുള്ള ആ ദിനങ്ങളിലാണ് കണ്ണാടി അന്ത്രു മുസ്‌ലിയാര്‍ മാറാപ്പും തൂക്കി വീട്ടില്‍ വരുക. പരമ സാത്വികനായ മനുഷ്യന്‍. നടക്കുമ്പോള്‍ ചെറിയ മുടന്ത്. സംസാരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ വിക്കും. ഉമ്മയെപ്പോലുള്ള മുസ്‌ലിം വീട്ടമ്മമാര്‍ക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ അന്ത്രു മുസ്‌ലിയാരുടെ സഞ്ചിയിലുണ്ടാവും. സുറുമ, പലതരം അത്തറുകള്‍, യാസീന്‍ കുര്‍റാസ്, മുഹ്‌യുദ്ദീന്‍ മാല, രിഫാഈ മാല, ബദര്‍മാല, മുസ്ഹഫുകള്‍, റമദാന്റെ പ്രത്യേക പ്രാര്‍ഥനാപുസ്തകങ്ങള്‍, ഇളനീര്‍കുഴമ്പ്, പേന്‍ചീര്‍പ്പ്, മുടിപ്പിന്നുകള്‍, ചെവി വൃത്തിയാക്കാന്‍ ബഡ്‌സിനു പകരമുള്ള സ്റ്റീലിന്റെ ചെപ്പിത്തോണ്ടി, മോതിരക്കല്ലുകള്‍ തുടങ്ങിയവ വീടുകളില്‍ വില്‍പ്പന നടത്തിയായിരുന്നു അന്ത്രു മുസ്‌ലിയാരുടെ ഉപജീവനം. പണം കൈവശമില്ലാത്ത വീട്ടമ്മമാര്‍ സാധനങ്ങളുടെ വില കണക്കാക്കി കാപ്പിയോ കുരുമുളകോ അരിയോ നെല്ലോ കൊടുത്താലും അന്ത്രു മുസ്‌ലിയാര്‍ക്ക് പരിഭവമില്ല. അന്ത്രു മുസ്‌ലിയാര്‍ വീട്ടില്‍ വന്നുപോവുന്നതോടെ ഉമ്മയുടെ നിസ്‌കാരക്കൂട്ട് സുഗന്ധപൂരിതമാവും. ഭരണിയുടെ ആകൃതിയില്‍ ചൂരല്‍ കൊണ്ട് മെടഞ്ഞതായിരുന്നു നിസ്‌കാരക്കൂട്ട. നിസ്‌കാരകുപ്പായവും മക്കനയും തസ്ബീഹുമാലകളും മാത്രമല്ല, ഹജ്ജിനു പോയി വരുന്ന ബന്ധുക്കളില്‍നിന്നും മറ്റും ലഭിക്കുന്ന സംസം വെള്ളവും ചെറിയ കുപ്പികളിലാക്കി നിസ്‌കാരക്കൂട്ടയിലാണ് ഉമ്മ സൂക്ഷിക്കുക. എന്തെങ്കിലും അസുഖം വരുമ്പോള്‍ ഞങ്ങള്‍ മക്കള്‍ക്കു തരാനായി ഒരിറ്റ് സംസം ജലം നിധിപോലെ ഉമ്മ കരുതിവയ്ക്കും. ഉപ്പയുടെ അരപ്പട്ടയില്‍നിന്ന് വല്ലപ്പോഴും ഇശ്ക്കുന്ന നോട്ടുകളും നാണയത്തുട്ടുകളും നിസ്‌കാരക്കൂട്ടയില്‍ തന്നെയാണ് തിരുകിയിരുന്നത്. സ്‌കൂളില്‍ പോവുമ്പോള്‍ ചിലപ്പോള്‍ പെന്‍സില്‍ വാങ്ങാനും മറ്റും ഉമ്മ നാലണയോ എട്ടണയോ തരും. പെന്‍സിലും കോല്‍മിഠായിയും പഞ്ചാരമിഠായിയുമൊക്കെ വാങ്ങി പൈസ തീര്‍ന്നാലും കൈവെള്ളയിലും പോക്കറ്റിലും ഉമ്മയുടെ അത്തറിന്റെ മണം ബാക്കിയാവും. റമദാന്‍ മാസപ്പിറ കാണാന്‍ സാധ്യതയുള്ള ‘ശക്കിന്റെ ദിവസ’മായ ശഅ്ബാന്‍ 29നു നാട്ടിലും വീട്ടിലുമൊക്കെ വല്ലാത്ത ആവേശമാണ് പ്രകടമാവുക. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ മഗ്‌രിബിനോടടുത്ത് നാട്ടിലെ മുതിര്‍ന്നവരോടൊപ്പം ഞങ്ങള്‍ കുട്ടികളും മാസം നോക്കാന്‍ വെള്ളരിക്കുന്നിന്റെ നെറുകയിലേക്കു പോവും. പകലോന്‍ ബാണാസുരന്‍മലയുടെ കാണാമറയത്തേക്ക് തിരോഭവിക്കുമ്പോഴുള്ള പടിഞ്ഞാറന്‍ ചക്രവാളത്തിന്റെ ചെഞ്ചായം. രാവിലേക്കുള്ള പകലിന്റെ ഇഴചേരലില്‍ കുന്നും മലകളും താഴ്‌വാരങ്ങളും മൂടി ഭൂമിയില്‍ ഇരുട്ട് കനക്കുമ്പോള്‍ മാസം കാണാത്ത നിരാശയോടെ ഞങ്ങള്‍ വെള്ളരിക്കുന്നില്‍ നിന്നു മടങ്ങും. ഇന്നത്തെപ്പോലെ ലാന്റ്‌ഫോണും മൊബൈലും ടി.വിയും വൈദ്യുതിയുമൊന്നുമില്ലാതിരുന്ന വായനാടന്‍ ഗ്രാമങ്ങള്‍. അപൂര്‍വം വീടുകളിലും കടകളിലുമുണ്ടായിരുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ മാത്രമായിരുന്നു മാസപ്പിറവി വിവരമറിയാനുള്ള ഏക ആശ്രയം. മാസമുറപ്പിക്കുന്നതില്‍ മല്‍സരിക്കുന്ന തരത്തില്‍ അന്ന് ജില്ലകള്‍തോറും കാക്കത്തൊള്ളായിരം ഖാസിമാരും ഉണ്ടായിരുന്നില്ല. ടാറ്റാ കമ്പനിയുടെ നെല്‍കോ റേഡിയോയായിരുന്നു ഞങ്ങളുടെ കടയിലുണ്ടായിരുന്നത്. മഗ്‌രിബ് കഴിഞ്ഞാല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള മാസപ്പിറവി അറിയിപ്പ് കേള്‍ക്കാന്‍ ആളുകള്‍ തിങ്ങിക്കൂടും. ഏഴു മണിയാവുന്നതോടെ റേഡിയോയുടെ ഏരിയല്‍ നിവര്‍ത്തിവച്ച് എളാപ്പ അതു ജനമധ്യത്തില്‍ വയ്ക്കും. ആളുകള്‍ അക്ഷമയോടെ ചെവിയോര്‍ക്കുന്നതിനിടയില്‍ കാലാവസ്ഥ പ്രശ്‌നം മൂലം പ്രക്ഷേപണം തടസ്സപ്പെട്ട് ശബ്ദം നേര്‍ത്തുപോവും. ചില സമയങ്ങളില്‍ റേഡിയോയുടെ കരകരാ ശബ്ദം മാത്രമേ കേള്‍ക്കൂ. അപ്പോള്‍ ചുറ്റും കൂടിയവരില്‍ നിരാശയും സങ്കടവും രോഷവും തിളയ്ക്കും. അവര്‍ റേഡിയോയെ കുറ്റം പറയുകയും ആകാശവാണിയെ ശപിക്കുകയും ചെയ്യും. അന്നേരം തങ്കായത്തുംകണ്ടി അമ്മദ്ക്കയെന്ന രസികന്‍ പറയും: ”അങ്ങോട്ട് പറഞ്ഞാ കേള്‍ക്കാത്തതിനോടാണോ ഹമുക്കുകളേ ഇങ്ങള്‍ കലമ്പുന്നത്!” എന്നാലും ചിലര്‍ പത്തരക്കു റേഡിയോനിലയം അടക്കുന്നതുവരെ മാസപ്പിറവി അറിയിപ്പും കാത്ത് റേഡിയോവിനടുത്തിരിക്കും.കൊയിലാണ്ടി പാണ്ടികശാലയില്‍നിന്ന് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളോ കോഴിക്കോട്ടെ വലിയ ഖാസിയോ പ്രഖ്യാപിച്ചാല്‍ മാത്രമേ അന്ന് മഹല്ലുകളില്‍ നോമ്പും പെരുന്നാളും ഉറപ്പിച്ചിരുന്നുള്ളൂ. ബാഫഖി തങ്ങളുടെ വിയോഗശേഷം പാണക്കാട് പൂക്കോയ തങ്ങളായിരുന്നു മാസപ്പിറവി പ്രഖ്യാപിച്ചത്. മാസം നേരത്തേ കണ്ടാലും കോഴിക്കോട്ടു നിന്നും മറ്റുമുള്ള അറിയിപ്പുകള്‍ രാത്രി വൈകിയാണ് വായനാട്ടിലെത്തുക. അപ്പോഴേക്കും നോമ്പാവില്ലെന്ന നിഗമനത്തില്‍ ഭൂരിഭാഗം കുടുംബങ്ങളും ഉറങ്ങിയിരിക്കും. ഫോണ്‍ ഉള്ള പൗരപ്രമാണിമാരുടെ വീടുകളില്‍ മാസമുറപ്പിച്ച വിവരമെത്തിയാല്‍ അവര്‍ ആളെ വിട്ട് അടുത്ത മഹല്ലുകളിലെ കാരണവന്‍മാരെ (മുതവല്ലി) അറിയിക്കും. മഹല്ല് ഇമാമുമാര്‍ വിവരമറിഞ്ഞ് നോമ്പ് ഉറപ്പിച്ച കാര്യം നാട്ടുകാര്‍ അറിയുമ്പോഴേക്ക് ചിലപ്പോള്‍ പിറ്റേന്ന് ഉച്ചയാവും. നട്ടുച്ചയ്ക്കു മാസം കണ്ട അത്തരം എത്രയോ നോമ്പും പെരുന്നാളും വയനാട്ടില്‍ സംഭവിച്ചിട്ടുണ്ട്. തലേന്ന് മാസം കണ്ട വിവരം അറിയാത്തതിനാല്‍ ഉള്‍പ്രദേശങ്ങളിലെ ചായക്കടകള്‍ പിറ്റേന്നും പതിവുപോലെ തുറക്കും. ആളുകള്‍ ചായകുടിച്ചു കൊണ്ടിരിക്കേ നോമ്പായതറിഞ്ഞാല്‍ മുസ്‌ലിംകളുടെ ചായക്കടകള്‍ അപ്പോള്‍ തന്നെ പൂട്ടും. അക്കാലത്ത് വയനാട്ടില്‍ അടുത്തടുത്ത് വീടുകള്‍ ഉണ്ടായിരുന്നില്ല. പള്ളിയുടെ സമീപത്തെ വീട്ടുകാര്‍ മാസം കണ്ട വിവരമറിഞ്ഞാലും ഭൂരിഭാഗം കുടുംബങ്ങളും അറിയില്ല. അതിനാല്‍, ജുമുഅത്തുപള്ളിയില്‍ വെള്ളം കോരുകയും ഖബര്‍ കുഴിക്കുകയും ചെയ്തിരുന്ന ആലിക്കുട്ടിയെ നോമ്പ് വിവരം വീടുകളിലറിയിക്കാന്‍ ഉസ്താദ് നിയോഗിക്കും. മഹല്ലിന്റെ ഒരറ്റത്തുനിന്നാരംഭിക്കുന്ന ആലിക്കുട്ടിയുടെ പാച്ചില്‍. ഓരോ വീടിന്റെയും ഉമ്മറത്തു ചെന്ന് നോമ്പായെന്ന് വിളിച്ചു പറഞ്ഞ് അയാള്‍ അടുത്ത വീട്ടിലേക്കു മിന്നായം പോലെ മായും. റമദാനിന്റെ ആദ്യദിനങ്ങളിലെ പകലിന്റെ നിര്‍ജീവത വീട്ടിലും പരിസരങ്ങളിലും വല്ലാത്ത വിരസതയാണു സമ്മാനിക്കുക. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഉറങ്ങിയാലും തീരില്ല പകലിന്റെ മടുപ്പിക്കുന്ന വ്യാപ്തി. കുട്ടിക്കാലത്ത് അസറിനും മഗ്‌രിബിനുമിടയിലുള്ള നോമ്പിന്റെ സമയദൈര്‍ഘ്യമാണ് കടുത്ത പരീക്ഷണം. അസറിനും മഗ്‌രിബിനുമിടയില്‍ ഘടികാരത്തിന്റെ സൂചി ചലിക്കാത്ത പോലെ. വിശപ്പും ക്ഷീണവുമൊക്കെ അലട്ടുന്ന ആ നേരത്താണ് അടുക്കളയില്‍നിന്നു കുഞ്ഞിപ്പത്തിരി തൂനിക്കുന്നതിന്റെ (വറവിടുക)യും പഴംനിറച്ചു പൊരിക്കുന്നതിന്റെയുമൊക്കെ മണം മൂക്കിലേക്കു തുളച്ചുകയറുക. രുചിയുടെ ആ ഗന്ധത്തിന് അത്രമേല്‍ ആസ്വാദ്യത തോന്നുന്ന ജീവിതാവസ്ഥ വേറെയില്ല. മണം പിടിച്ച് അടുക്കളയിലേക്കെത്തി നോക്കുമ്പോള്‍ തന്നെ കോഴിയെയും പൂച്ചയെയും ആട്ടുന്നതു പോലെ ഉമ്മ ഉന്തിയകറ്റും. ഭക്ഷണസാധനങ്ങളുടെ മണം അടിച്ചാല്‍ തന്നെ നോമ്പു മുറിയുമെന്നാണ് ഉമ്മയുടെ പക്ഷം. പകല്‍ നോമ്പെടുത്ത് എത്ര ക്ഷീണിച്ചാലും രാത്രി തറാവീഹ് നമസ്‌കാരത്തിനു പള്ളിയിലേക്കു പോവാന്‍ കുട്ടിക്കാലത്തും വല്ലാത്ത ആവേശമാണ്. ഉറുദി എന്ന രാപ്രസംഗം തീരുവോളം കേള്‍ക്കും. ഓരോ ദിവസവും ഓരോ ഉസ്താദുമാരുടെ പ്രസംഗം. വാമൊഴി വഴക്കത്താല്‍ ശ്രദ്ധേയമായ ഉറുദികളായിരുന്നു അന്നൊക്കെ. നാടന്‍ പഴഞ്ചൊല്ലുകളും ഉപമകളും തമാശകളുമൊക്കെയായി ഉസ്താദുമാര്‍ കസറും. തറാവീഹ് കഴിഞ്ഞെത്തുമ്പോഴേക്ക് കലത്തപ്പമോ കൊമ്പനടയോ പോളയോ പോലുള്ള മധുരപലഹാരങ്ങള്‍ ഉമ്മ ഉണ്ടാക്കിവയ്ക്കും. ബീഫാത്തിമ്മ ബീവിയുടെ ആണ്ടിനും ബദ്‌രീങ്ങളുടെ ആണ്ടിനുമൊക്കെ തറാവീഹ് കഴിഞ്ഞാല്‍ പള്ളിയിലാണു ചായ. ഓരോ വീടുകളില്‍നിന്നു കൊണ്ടുവരുന്ന പലതരം പലഹാരങ്ങളുണ്ടാവും. വെന്തടിഞ്ഞതും പാതിവെന്തതും വേവാത്തതുമൊക്കെയായ അപ്പത്തരങ്ങള്‍. എന്നാലും പള്ളിയില്‍നിന്ന് എല്ലാവരും ഒപ്പമിരുന്ന് കഴിക്കുമ്പോള്‍ പ്രത്യേക രുചി. മരം കോച്ചുന്ന തണുപ്പു കാലത്താണ് വയനാട്ടില്‍ ചിലപ്പോള്‍ നോമ്പുമാസമെത്തുക. ലൈലത്തുല്‍ ഖദ്‌റ് പ്രതീക്ഷിക്കുന്ന റമദാന്റെ അവസാന പത്തുകളില്‍ തഹജ്ജുദ് നമസ്‌കാരത്തിനായി കുട്ടികളടക്കമുള്ളവര്‍ അത്താഴം കഴിച്ച് നേരത്തേ പള്ളിയിലേക്കു പോവും. ഭൂമിക്കുമേല്‍ മഞ്ഞും നിലാവും പെയ്യുന്ന സുബ്ഹിക്കുമുമ്പുള്ള നേരം. പ്രകൃതി ഏറ്റവും സുന്ദരവും ശാന്തവുമാവുന്ന അവസാനയാമം. ഇലയനക്കങ്ങള്‍ പോലുമില്ലാത്ത നനുത്ത നിശ്ചലത. ലൈലത്തുല്‍ ഖദ്‌റില്‍ മരങ്ങളും മലകളുമെല്ലാം അല്ലാഹുവിന് സുജൂദ് ചെയ്യുമെന്ന് ഉമ്മ പറയുമായിരുന്നു. പുലര്‍കാലത്തിനു മുമ്പത്തെ രാവിന്റെ നേര്‍മയെ വകഞ്ഞുമാറ്റി ഉപ്പയ്ക്കു പിന്നാലെ പള്ളിയിലേക്കു നടക്കുമ്പോള്‍ മരങ്ങളെയും മലകളെയും ഒളികണ്ണിട്ടുനോക്കും. ഇരുള്‍പ്പടര്‍പ്പിന്റെ വിദൂര നിശ്ചലതകളില്‍ മലയും മരങ്ങളുമെല്ലാം സുജൂദിലേക്കു ചാഞ്ഞ പോലെ. ബാല്യത്തിലെ റമദാന്‍ ഇരുപത്തിയേഴിന് വല്ലാത്ത ആഹ്ലാദമാണ്. ബന്ധുക്കള്‍ സക്കാത്ത് തരുമെന്ന പ്രതീക്ഷ. രണ്ടുനാള്‍ കഴിഞ്ഞാല്‍ പെരുന്നാളാണെന്ന സന്തോഷം. ഇരുപത്തേഴാം രാവില്‍ സ്രാമ്പിയില്‍നിന്ന് തറാവീഹ് കഴിഞ്ഞ് ആളുകള്‍ കൂട്ടമായാണ് വലിയ പള്ളിയിലേക്കു സിയാറത്തിനു പോവുക. അവിടെയാണു ഖബര്‍സ്ഥാന്‍. ഉസ്താദും മുതിര്‍ന്നവരും മുമ്പില്‍ നടന്ന് ദിക്‌റ് ചൊല്ലിത്തരും. തൊട്ടുപിന്നില്‍ റാന്തലുമായി മുക്രി. ഞങ്ങള്‍ ഉച്ചത്തില്‍ ദിക്‌റ് ഏറ്റുചൊല്ലി വരിയായി നീങ്ങുമ്പോള്‍ നിരത്തുവക്കിലെ മുസ്‌ലിം വീടുകളില്‍ പെണ്ണുങ്ങള്‍ പാതിതുറന്ന വാതില്‍പ്പാളിയിലൂടെ ആത്മനിര്‍വൃതിയോടെ ഞങ്ങളെ നോക്കും. ഖബറിടങ്ങളുടെ ഉണര്‍വ് ദിനമാണ് റമദാന്‍ ഇരുപത്തേഴാം രാവ്. അടുത്തകാലത്തും പണ്ടുമൊക്കെ മരണപ്പെട്ടുപോയ ബന്ധുമിത്രാദികളുടെ ഖബര്‍ സിയാറത്തു ചെയ്യാന്‍ ആ രാവില്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകളെത്തും. കുഴിമാടങ്ങളുടെ സമൃദ്ധിയില്‍ പള്ളിക്കാട്ടില്‍ തഴച്ചുവളരുന്ന പടുമരങ്ങളും മുള്‍പ്പടര്‍പ്പുകളുമൊക്കെ ഇരുപത്തേഴാം രാവിലേക്ക് നാട്ടുകാര്‍ ശ്രമദാനമായി വെട്ടി വെടിപ്പാക്കും. പൊന്തക്കാടുകളുടെ വന്യതയില്‍ കാലത്തിലേക്കു നിറം മങ്ങിപ്പോയ ഖബറിടത്തിലെ മീസാന്‍കല്ലുകള്‍ ഇരുപത്തേഴാംരാവില്‍ വെളിച്ചത്തിലേക്കു പൊങ്ങിവരും. സിയാറത്തിനായി പള്ളിക്കാട്ടിലേക്കു കയറുമ്പോള്‍ അസര്‍മുല്ലയുടെ രൂക്ഷഗന്ധമെത്തും. ഈമാനോടെ മരിച്ചവരുടെ ഖബറിടത്തിലാണ് അസര്‍മുല്ലയും മൈലാഞ്ചിയുമൊക്കെ തഴച്ചുവളരുകയെന്ന് ചെറുപ്പത്തില്‍ പറഞ്ഞുകേട്ട ഓര്‍മ. നിലാവില്‍ പൂത്തുനില്‍ക്കുന്ന അന്തിമുല്ലകള്‍ ഖബ്‌റാളികള്‍; പുഞ്ചിരി തൂകുന്ന പോലെ.ഓര്‍മകള്‍ പ്രാര്‍ഥനകളായി നിലാവിനും അസര്‍മുല്ലഗന്ധത്തിനുമൊപ്പം പെയ്തിറങ്ങട്ടെ, എന്റുമ്മായുടെയും വിട്ടു പിരിഞ്ഞു പോയ എല്ലാ പാരസ്പര്യങ്ങളുടേയും ഖബറിനു മീതെ…”

Leave a Reply

Your email address will not be published. Required fields are marked *