ന്യൂഡല്‍ഹി : രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ചുവെന്നാണ് കേസ്. ഇങ്ങനെയൊരു കേസുമായി എന്തിനാണ് വന്നതെന്ന് രഹ്നയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കിടയില്‍ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര എന്ത് സംസ്‌കാരമാണ് ഇതെന്നും ചോദിച്ചു. നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചത്. തുടര്‍ന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്. തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവുമാണ് കേസ്.