പ്രമേഹം ഉള്ളവര്‍ രക്തദാനം ചെയ്യാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. യഥാര്‍ത്ഥത്തില്‍ പ്രമേഹം ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ പാടില്ലേ? പ്രമേഹരോഗി ദാനം ചെയ്യുന്ന രക്തം സ്വീകര്‍ത്താവിന് ദോഷമുണ്ടാക്കുമോ? എന്ന ചോദ്യങ്ങള്‍ ഇന്നും നമുക്കിടയിലുണ്ട്.പ്രമേഹമുള്ളവര്‍ രക്തം ദാനം ചെയ്യാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. അഥവാ രക്തം ദാനം ചെയ്താല്‍ ബ്ലഡ് ഷുഗര്‍ അളവ് പെട്ടെന്ന് നിയന്ത്രണാതീതമാവും എന്ന് പറയുന്നതും കേള്‍ക്കാം. ഇതെല്ലാം കേട്ടുകേള്‍വി മാത്രമായ മിത്തുകളാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ബ്ലഡ് ഷുഗര്‍ അളവ് ‘നോര്‍മല്‍’ ആയിരിക്കുകയാണെങ്കില്‍ പ്രമേഹമുള്ളവര്‍ക്കും രക്തം ദാനം ചെയ്യാം. രക്തം ദാനം ചെയ്യുന്നതില്‍ ദാതാവോ സ്വീകര്‍ത്താവോ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. പ്രമേഹത്തിന് ഇന്‍സുലിന്‍ സ്വീകരിക്കുന്നവരാണെങ്കില്‍ രക്തദാനം ഒഴിവാക്കാം. എന്നാല്‍ ഓറല്‍ മരുന്ന് (വായിലൂടെ എടുക്കുന്ന മരുന്ന്) ഉപയോഗിക്കുന്ന രോഗികള്‍ക്ക് രക്തം കൊടുക്കുന്നതില്‍ നിയന്ത്രണം വേണ്ട.പ്രമേഹം ഒരു വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളെയാണ് സ്വാധീനിക്കുന്നത്. രക്തവുമായി അതിന് മറ്റ് ബന്ധമില്ലെന്നാണ് ഡോ. മനോജ് ഛദ്ദ പറയുന്നത്. പ്രമേഹം മൂലം ഹൃദ്രോഗമോ വൃക്ക രോഗമോ ഒന്നും വരാത്തിടത്തോളം കാലം പ്രമേഹമുള്ളയാള്‍ക്ക് ആശങ്ക കൂടാതെ രക്തം ദാനം ചെയ്യാവുന്നതാണ്.സാധാരണഗതിയില്‍ ഒരാള്‍ രക്തദാനം നടത്തുമ്പോള്‍ പരിശോധിക്കുന്ന ഹീമോഹ്ലോബിന്‍, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പോലുള്ള കാര്യങ്ങളെല്ലാം ഇവരിലും പരിശോധിക്കണം. സമീപകാലത്ത് അണുബാധകള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കാം. കൂടാതെ പ്രമേഹരോഗികള്‍ രക്തദാനം ചെയ്യാന്‍ പോകുമ്പോള്‍ കഴിവതും ഭക്ഷണം കഴിച്ച ശേഷം പോകണമെന്നും ഡോക്ടമാര്‍ പറയുന്നു.