ഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് അസ്ട്രാസെനക്കയും നോവാവാക്‌സും വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ വേഗത്തില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ സഹായിക്കുന്നതിന് 150 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാന്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ തീരുമാനമെടുത്തു. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്നഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും 10 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇന്‍സ്റ്റിറ്റിയൂട്ടിനുണ്ടായിരിക്കും.
ഡോസിന് മൂന്ന് ഡോളര്‍ ( 225 രൂപ) വിലയിലാകും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക. ഗവി, ദി വാക്‌സിന്‍ അലയന്‍സുമായും സഹകരണമുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്‍കൂര്‍ മൂലധനം നല്‍കും. ഇത് തങ്ങളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കാനിടയാക്കുമെന്ന് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം പ്രസ്താവനയിലൂടെ അറിയിച്ചു.