വരുൺ രമേഷ് എഴുതുന്നു…
”തെയ്യം, ഫോട്ടോയുടെ കോപ്പി ചോദിച്ച ആ നിമിഷം!!
വയസ്സിപ്പോൾ എഴുപത്തഞ്ചായി. കഴിഞ്ഞ 30 വർഷമായി കാവുകളിൽ നിന്ന് കാവുകളിലേക്ക് തന്റെ ക്യാമറയുമായുള്ള യാത്രയാണ് ശംഭു മാഷിന്റെ ജീവിതം. കാസർകോടിന്റെ തെക്കേ അതിർത്തി ഗ്രാമമായ കൊടക്കാട് സ്വദേശിയാണ് ശംഭു നമ്പൂതിരി മാഷ്.
തലശ്ശേരി മുതൽ തുളുനാടിന്റെ അറ്റംവരെയുള്ള തെയ്യങ്ങളെ മാഷിന് നേരിട്ടറിയാം. തെയ്യങ്ങൾക്ക് ശംഭുമാഷിനെയും.
തെയ്യങ്ങളുടെ കടുംചായം എത്ര പകർത്തിയാലും മാഷിന് മതിയാവില്ല. മുഖത്തെഴുത്തും തോറ്റങ്ങളും ഇക്കാലം കൊണ്ട് ശംഭു മാഷിന് മന:പാഠമാണ്. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ തെയ്യങ്ങളുമായി മാഷ് ഉണ്ടാക്കിയെടുത്തത് ആത്മബന്ധമാണ്.
പുറപ്പാടിന് മുൻപേ തെയ്യക്കോലങ്ങളുടെ സഞ്ചാരം ഏത് വഴിയാണെന്ന് മാഷ് മനസിലാക്കിവെക്കും. ഏറ്റവും മനോഹരമായി ആ തെയ്യത്തെ പകർത്താനുള്ള ഫ്രെയിം മാഷ് ആദ്യമേ കണ്ടിരിക്കും. ആ ഫ്രെയിമിലേക്ക് തെയ്യങ്ങൾ കയറിവന്നാൽ അതൊരു മനോഹര ചിത്രമായിരിക്കുമെന്നും മാഷ് പറയുന്നു.
ഒരിക്കൽ ഒരു സംഭവമുണ്ടായി. ചെമ്മരത്തിത്തറയുടെ പശ്ചാത്തലത്തിലുള്ള കതിവനൂർ വീരന്റെ മനോഹര ചിത്രം മാഷ് കാമറയിൽ പകർത്തി. ഇത് തിരിച്ചറിഞ്ഞ കണ്ണൻ പെരുവണ്ണാൻ ഇങ്ങനെ മൊഴിഞ്ഞു.
“തന്ത്രീ, എന്റെ രൂപം അഭ്രപാളിയിലേക്ക് പകർത്തിയിട്ടുണ്ടല്ലോ… ആയതിന്റേ ഒരു പ്രതി കോലം ധരിച്ചിരിക്കുന്ന കനലാടിക്ക് കൂടി വഴക്കം ചെയ്യണം.”
ജീവിതത്തിൽ മാഷിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു തെയ്യം ഫോട്ടോയുടെ കോപ്പി ചോദിച്ച ആ നിമിഷങ്ങൾ”