സംസ്ഥാനത്ത് നടത്തിയ കോവിഡ് കൂട്ടപ്പരിശോധന വന്‍വിജയം. രണ്ടരലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധന നടത്തി. ആര്‍.ടി.പി.സി.ആര്‍– 1,54,775. ആന്റിജന്‍–144397. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് കോഴിക്കോട്ട് (39,565). തിരുവനന്തപുരത്ത് 29,008 പേരെയും എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. എല്ലാജില്ലയും ലക്ഷ്യം മറികടന്നു. കോവിഡ് കൂട്ടപ്പരിശോധനയില്‍ ജനങ്ങളുടെ പൂര്‍ണസഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ്.
കേരളത്തിലെ പ്രതിദിന കോവിഡ് ബാധ ഏറ്റവും ഉയര്‍ന്ന നിലയില്‍. 13,835 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയര്‍ന്നതിനൊപ്പം എറണാകുളം ജില്ലയിലെ പ്രതിദിന രോഗബാധ രണ്ടായിരം കടന്നതും സാഹചര്യം ഗുരുതരമെന്ന് വ്യക്തമാക്കുന്നു.പ്രതിദിന പരിശോധനക്കൊപ്പം ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഏതാനും ഫലങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്നത്തെ കോവിഡ് കണക്ക്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതുപോലെ പ്രതിദിന വ്യാപനം കുതിച്ചുയരുകയും ചെയ്തു. 81211 പേരെ പരിശോധിച്ചപ്പോള്‍ 13,835 പേര്‍ രോഗികള്‍. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന ഒക്ടോബര്‍ മാസങ്ങളില്‍ പോലും ഒരു ദിവസം ഇത്രയും രോഗികളുണ്ടായിട്ടില്ല. ഒക്ടോബര്‍ 10ന് 11755 പേരില്‍ രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 17.04ലേക്ക് കുതിച്ചു. ഇതും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ നിരക്കാണ്. 17.74 ആണ് ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. ഒരു ജില്ലയിലെ രോഗസ്ഥിരീകരണം ആദ്യമായി രണ്ടായിരം കടന്നൂവെന്ന ഞെട്ടിക്കുന്ന കണക്കും ഇന്നുണ്ട്.എറണാകുളത്ത് 2187 പേരിലാണ് ഇന്ന് മാത്രം വൈറസ് ബാധ കണ്ടെത്തിയത്. കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132 എന്നിങ്ങിനെ അഞ്ച് ജില്ലകളില്‍ ആയിരത്തിന് മുകളില്‍ രോഗബാധയുണ്ട്. തിരുവനന്തപുരത്ത് 909വും ആലപ്പുഴയില്‍ 908വും പാലക്കാട് 864മായി പ്രതിദിന രോഗവ്യാപനം വര്‍ധിക്കുകയാണ്. കൂട്ടപ്പരിശോധനയുടെ അവശേഷിക്കുന്ന കണക്കുകള്‍ നാളെയും മറ്റന്നാളുമായി പുറത്ത് വരും. അതിനാല്‍ വരും ദിവസങ്ങളിലും രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കും. നിലവില്‍ 80019 പേരാണ് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്.