കോവിഡ് രോഗബാധ രൂക്ഷമായ സംസ്ഥാനങ്ങളിൽആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ള തങ്ങളുടെ മുൻനിര തൊഴിലാളികൾക്ക് വാക്സിൻ ക്ഷാമം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുൾക്കിടെ ഗുജറാത്തിൽ അനധികൃതമായി വാക്സിനേഷനെന്ന് റിപ്പോർട്ട്.
ഗുജറാത്ത് ഗാന്ധിനഗർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടിജിഎൻ) ആയിരത്തോളം വിദ്യാർത്ഥികൾ കോവിഷീൽഡ് വാക്സിനുകൾ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.
കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം 45 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് നിലവിൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ നൽകുന്നത്. ഇതേസമയം 25 വയസ്സിന് താഴെയുള്ള 900 വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ച് വാക്സിൻ നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മാർച്ച് 30 നും ഏപ്രിൽ 2 നും ഇടയിലാണ് ക്യാമ്പസിൽ വാക്സിനേഷൻ നടത്തിയത്. ഇതുസംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ക്യാമ്പസിൽ നിന്ന് ഔദ്യോഗികമായി രണ്ട് ഇമെയിലുകൾ അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.കുറഞ്ഞത് 940 വിദ്യാർത്ഥികൾക്കും 250 ഓളം ഫാക്കൽറ്റി അംഗങ്ങൾക്കും മറ്റ് സ്റ്റാഫർമാർക്കും വാക്സിനേഷൻ നൽകിയതായാണ് വിവരമെന്നും സ്ക്രോൾ.ഇൻ റിപ്പോർട്ട് ചെയ്തു.രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിൽ പോലും 45 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകാതിരുക്കുമ്പോഴാണ് 25 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്.രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയോളം വരുന്ന മഹാരാഷ്ട്രയിൽ 25 വയസും അതിൽ കൂടുതലുമുള്ളവർക്ക് കുത്തിവയ്പ് നൽകാൻ അനുവദിക്കണമെന്ന് ആവശ്യം കേന്ദ്രം നേരത്തെ നിരസ്സിച്ചിരുന്നു.ഇതിന് പുറമെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവയുൾപ്പെടെയുള്ള കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്റ്റാഫ് അംഗങ്ങൾക്കും വാക്‌സിനേഷൻ നൽകണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥനയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരസിച്ചു.എല്ലാ നിയമങ്ങളും ലംഘിച്ച് അനധികൃതമായി വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകിയതിനെ കുറിച്ച് അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും സ്ക്രോൾ.ഇൻ റിപ്പോർട്ടിൽ പറയുന്നു.