ഡൊമെസ്റ്റിക്‌ കൊലപാതകങ്ങളുടെ വലിയ കണ്ണിയിലെ ഒരംഗം മാത്രമാണയാൾ

Movies Reviews

ജോജി’….! ആപത്ക്കരമാം വിധം ക്രിമിനലൈസ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിന്റെ, സ്വാർത്ഥംഭരിയായ കുടുംബഘടനയുടെ, നേർക്ക്‌ പിടിച്ച കണ്ണാടിയാണു ശ്യാം പുഷ്കരൻ രചിച്ച്‌
ദിലീഷ്‌ പോത്തൻ സംവിധാനം ചെയ്ത ആമസോൺ പ്രൈം മൂവി ‘ജോജി’

ഷെയ്ക്സ്പിയറിന്റെ ഏറ്റവും ഹ്രസ്വവും എന്നാൽ അതിശക്തവുമായ ദുരന്ത നാടകം ‘മാക്ബഥ്‌’ മുതൽ കെ.ജി. ജോർജിന്റെ ‘ഇരകൾ’ വരെയുള്ള കഴിഞ്ഞകാല കലാസൃഷ്ടികൾ ‘ജോജി’യുടെ രചയിതാക്കളിൽ ചെലുത്തിയിട്ടുണ്ടായേക്കാവുന്ന പ്രചോദനം എത്രമേലുണ്ടായിരിക്കുമോ, അതിലുമേറെയാണു ഈ കഥയുടെ ബാക്ഡ്രോപ്പിൽ കൂടത്തായി ഉൾപ്പെടെയുള്ള ഗാർഹിക കൊലപാതക പരമ്പരകൾക്കുള്ള സ്ഥാനം. പണം, സുഖം, സ്വേച്ഛാധികാരം എന്നിവയോടുള്ള അദമ്യമായ ആർത്തി മനുഷ്യനെ, മലയാളിയെ, കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്‌ വിനാശത്തിന്റെ മുനമ്പുകളിലേക്കാണു. നാനൂറിലേറെ വർഷങ്ങളുടെ സാർവലൗകികമായ വായനയ്ക്ക്‌ ശേഷവും മാക്ബഥിന്റെ ദുരന്തത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്ന് മാത്രമല്ല, മാനവികതയ്ക്ക്‌ കൂടുതൽ ശോഷണം നേരിട്ടുകൊണ്ടിരിക്കുകയാണു എന്നതാണു യാഥാർത്ഥ്യമെന്ന് ‘ജോജി’ വിളിച്ചുപറയുന്നു.

പ്ലാന്ററും പ്രതാപിയും പ്രായത്തെ വെല്ലുന്ന കരുത്തനുമായ, തന്റേടവും താൻപോരിമയും തന്റേതായ ശരികളും കഠിനാധ്വാനതത്പരതയും കൈമുതലായുള്ള, മധ്യതിരുവിതാംകൂറിലെ ഒരു കുടുംബത്തിലെ
സർവ്വാധികാരിയായ
ഡങ്കൻ രാജാവായ പനച്ചേൽ കുട്ടപ്പന്റെ വീട്ടിലും ചുറ്റുവട്ടത്തിലുമാണു ‘ജോജി’യിലെ കഥയരങ്ങേറുന്നത്‌. അദ്ധേഹത്തിന്റെ രണ്ടാമത്തെ മകൻ ജയ്സൺന്റെ ഭാര്യ ബിൻസിയിൽ ലേഡി മാക്‌ബഥിനെയും മുടിയനായ ഇളയപുത്രൻ ജോജിയിൽ മാക്ബഥിനെയും ദർശിക്കാം. പിതാവിന്റെ ഔദാര്യത്തിൽ ജീവിക്കുകയും ഉഗ്രശാസനങ്ങളിൽ വീർപ്പ്മുട്ടുകയും ചെയ്യുന്നവരാണു മക്കളെല്ലാവരും. ഈ കെട്ടുപാടുകൾ പൊട്ടിച്ചെറിയുകയും സുഖലോലുപതയുടെയും സ്വേച്ഛയുടെയും സ്വാതന്ത്ര്യത്തിലേക്ക്‌ തന്റെ കുതിരയെ കെട്ടഴിച്ചുവിടാൻ ഒരുമ്പെടുകയും ചെയ്യുന്ന ജോജിയുടെ ദുഷ്കൃത്യങ്ങളും
അയാളെ കാത്തിരിക്കുന്ന ആത്യന്തികമായ ദുരന്തങ്ങളുമാണു പടത്തിന്റെ കഥാതന്തു.

ജോജിയുടെ മൂത്ത സഹോദരൻ ജോമോനൊഴിച്ച്‌ മറ്റെല്ലാവരും മനസ്സുകൊണ്ടെങ്കിലും അയാളുടെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണു. മാക്‌ബഥിനെ പാഴ്ക്കിനാക്കളുടെ പടുകുഴിയിലേക്ക്‌ തള്ളിയിടുന്ന മന്ത്രവാദികളുടെതിനു സമാനമായി മൂത്ത കസിൻ ഡോ. ഫെലിക്സ്‌ നടത്തിയ പ്രവചനത്തിലെ പ്രലോഭനങ്ങളും ആളും തരവും നോക്കി തീ കോരിയൊഴിച്ചും അരുതുകാഴ്ചകൾക്ക്‌ മുൻപിൽ കണ്ണടച്ചും കൂടെ നിൽക്കുന്ന ബിൻസിയുടെ പിന്തുണയും മുതൽ ജോമോന്റെ മകൻ പോപ്പി നടത്തുന്ന സാമ്പത്തിക തിരിമറിയുടെ കൗമാരപാത വരെ ജോജിയുടെ ഊർജസ്രോതസ്സുകളാണു.
അച്ഛന്റെ ഏകാധിപത്യപ്രവണതകളും ജോജിയെ ഖിന്നനാക്കുന്നുണ്ട്‌.
എങ്കിലും അടിസ്ഥാനപരമായി ജോജിയുടെ ചെയ്തികൾക്കെല്ലാം അയാൾ തന്നെയാണുത്തരവാദി.
കേരളീയ സമൂഹത്തിൽ അതിദ്രുതവും ആപത്കരവുമായി വളർന്ന് വരുന്ന ഡൊമെസ്റ്റിക്‌ മർഡറുകളുടെ വലിയ കണ്ണിയിലെ ഒരംഗം മാത്രവുമാണയാൾ.
‘… അതു കൊണ്ടാണു ഞാൻ അങ്ങനെ തീരുമാനിച്ചത്‌’ എന്ന് ഒരു ഘട്ടത്തിൽ അയാൾ സ്വയം വെളിപ്പെടുത്തുന്നുമുണ്ട്‌. പക്ഷേ ഒരിക്കലും പരസ്യമായി അത്‌ അംഗീകരിക്കാതിരിക്കുവാനും തന്നെ സമൂഹമാണു അങ്ങിനെയാക്കിത്തീർത്തതെന്നുള്ള എസ്കെയ്പിസ്റ്റ്‌ ബ്ലെയിം ഗെയിമിൽ അഭയം തേടാനും അയാൾ ശ്രദ്ധിക്കാതിരിക്കുന്നുമില്ല.

ജോജി ദുർമോഹങ്ങളുടെ പരാജിതനായ വേട്ടക്കാരനാണു. അച്ഛന്റെതെന്നല്ല, തന്റെ തന്നെ പ്രതീക്ഷകൾക്കൊത്ത്‌ പോലും തനിക്കുയരാൻ കഴിഞ്ഞിട്ടില്ലെന്ന് ആത്മനിന്ദയോടെ അയാൾ സ്ഥിരീകരിക്കുന്നുണ്ട്‌. ക്ലൈമാക്സിലെ നിർണ്ണായക ഘട്ടത്തിൽ പോലും ഈ ദുരന്തഗതി അയാളെ പിന്തുടരുന്നു. ആർത്തിയുടെ അവസാനം ആത്മനാശമാണെന്ന ഒരിക്കലും പഠിക്കാത്ത പാഠമാണു അയാൾ അവശേഷിപ്പിക്കുന്നത്‌. സ്വയം ആവർത്തിക്കപ്പെടാതെ സൂക്ഷിച്ചും
സുന്ദരഭാവങ്ങൾ സമ്മേളിപ്പിച്ചും ജോജിയ്ക്ക്‌ ഫഹദ്‌ ഫാസിൽ ഉയിരേകുന്നു. സ്വന്തം നുണകൾക്ക്‌ പോലും സംരക്ഷണം നൽകാനാകാതെ പതറിപ്പോകുന്ന ഘട്ടങ്ങളിലെ നിസ്സഹായതയുടെ ആഴങ്ങളിൽ ജോജി തപ്പിത്തടയുന്നതിന്റെ ദൈന്യ സൗന്ദര്യം ഫഹദ്‌ ആവിഷ്കരിക്കുന്നത്‌ അവാച്യമായ ഒരു അനുഭവമാണു. കണ്ണുകൾ പോലെ തന്നെ ഈ അനുഗൃഹീത അഭിനേതാവിന്റെ അനന്യസാധാരാണമായ ആവിഷ്കാര സ്രോതസ്സുകളിലൊന്നാണു ചിരി. സൗന്ദര്യത്തിന്റെ വർണാഭയ്ക്കപ്പുറം ആന്തരഭാവങ്ങളുടെ വിഭിന്നതകളിലേക്ക്‌
ചേർത്തുനിർത്തുന്ന പലതരം ചിരികൾ കൊണ്ട്‌ ഫഹദ്‌ ഫാസിൽ പ്രേക്ഷകനെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയാണു.

ജോജിയെക്കാളും അതിശയിപ്പിക്കുന്ന പാത്രസൃഷ്ടിയാണു ബിൻസിയുടേത്‌.
തന്നിലെ തമോഗുണങ്ങളെ ശീതീഭവിപ്പിച്ച്‌ നിർത്തുന്നതിലും
പരാങ്മുഖതയുടെ പൊള്ളവേഷങ്ങളിൽ സ്വയമൊളിപ്പിക്കുന്നതിലും പുലർത്തുന്ന മിടുക്കിന്റെ തുടർച്ചയിൽ, അനുകൂല പരിതസ്ഥിതികളിൽ ഫണം വിടർത്തുന്നതിലും തനിസ്വരൂപം പ്രദർശിപ്പിക്കുന്നതിലും ബിൻസിയ്ക്ക്‌ യാതൊരു സങ്കോചവുമില്ല. ജോജിയുടെ നിഴലുപോലെ കൂടെ നിൽക്കുകയും നിശ്ശബ്ദവും നിഗൂഢവുമായി പ്രവർത്തിക്കുകയും യഥാസമയത്ത്‌ പിന്മടങ്ങുകയും ചെയ്യുന്ന ബിൻസിയുടെ
ഗൂഢഭാവങ്ങളെയും ആശ്ചര്യപ്പെടുത്തുന്ന
ഔട്ടിങ്ങുകളെയും അഭിനയ മികവും സാന്ദ്രമായ ഡയലോഗ്‌ ഡെലിവെറിയും കൊണ്ട്‌ ഉണ്ണിമായ പ്രസാദ്‌ ഉജ്വലമാക്കിമാറ്റി.
പനച്ചേൽ കുട്ടപ്പനെയും മക്കളെയും കൂട്ടക്കാരെയും മനോഹരമാക്കുന്നതിൽ ഒന്നിനൊന്ന് മികച്ച സംഭാവനകളാണു കരിയർ ബെസ്റ്റ്‌ റോളുകളുമായെത്തിയ ബാബുരാജ്‌, പി എൻ സണ്ണി, ജോജി മുണ്ടക്കയം, രഞ്‌ജിത്‌ രാജൻ, ബെയ്സിൽ, ഷമ്മി തിലകൻ തുടങ്ങിയവരും നൽകുന്നത്‌.

ഷൈജു ഖാലിദിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും കിരൺ ദാസിന്റെ എഡിറ്റിങ്ങും ‘ജോജി’യുടെ നട്ടെല്ലാണു. ഇമ്പമേറിയൊരു ഓർക്കസ്ട്രൽ ഫീലിംഗ്‌ തരുന്ന മലയാള സിനിമയിലെ അത്യപൂർവം സംഗീതാധ്യായങ്ങളിലൊന്നാണു ജസ്റ്റിൻ സമ്മാനിക്കുന്നത്‌. കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച്‌ ഉണ്ണിമായയുടെ, മാനസിക സഞ്ചാരങ്ങളിലേക്ക് ഊളിയിടുകയും പനച്ചേൽ ബംഗ്ലാവിന്റെ ചുറ്റുവട്ടങ്ങൾക്കും റബർ മരങ്ങൾക്കുമിടയിലെ അജ്ഞേയതകൾക്ക്‌ നവീനമായ ദൃശ്യസാധ്യത പകരുകയും
ചെയ്യുന്ന ഷൈജു ഖാലിദിന്റെ സുന്ദരദൃശ്യങ്ങളെ കൃത്യമായി ക്രമീകരിക്കുവാൻ കിരൺ ദാസിനും സാധിക്കുന്നു.

കെ സി ഷൈജൽ

Leave a Reply

Your email address will not be published. Required fields are marked *