ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാന് താരം ഉമര്‍ അക്മലിന്റെ വിലക്ക് നീക്കി കോടതി. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ തള്ളി കായിക തര്‍ക്കപരിഹാര കോടതിയാണ് ഉമര്‍ അക്മലിന് കളി തുടരാന്‍ അനുമതി നല്‍കിയിരിക്കുന്നത്.ക്രിക്കറ്റ് തന്റെ ബ്രഡ്ഡും വെണ്ണയുമാണെന്ന് ഉമര്‍ അക്മല്‍ പറഞ്ഞു. ‘ക്രിക്കറ്റ് എന്റെ ബ്രഡ്ഡും വെണ്ണയുമാണ്. ഒരു വര്‍ഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നപ്പോഴുണ്ടായ നഷ്ടം എത്രത്തോളമെന്ന് എനിക്കുമാത്രമറിയാം. പാകിസ്ഥാന് ടീമിനൊപ്പം കരിയര്‍ പുനഃരാരംഭിക്കണം. അതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. അവസാന 12 മാസംകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. എന്നില്‍ ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നു. അതില്‍ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം’ അക്മല്‍ പറഞ്ഞു.
പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ സംഘം സമീപിച്ച വിവരം ഉമര്‍ അക്മല്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ മറച്ചുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഫസല്‍ ഇ മിരാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി വിലക്കിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.2019- ല്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് ഉമര്‍ അവസാനമായി പാകിസ്ഥാനു വേണ്ടി കളിച്ചത്. 30-കാരനായ ഉമര്‍ 16 ടെസ്റ്റില്‍ നിന്ന് 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 3194 റണ്‍സും 84 ടി20യില്‍ നിന്ന് 1690 റണ്‍സും നേടിയിട്ടുണ്ട്.