മുൻ ജീവനക്കാരനെ കാണാൻ പുണെയിലെത്തി വ്യവസായി‌‌ രത്തൻ ടാറ്റ

General

പുണെ : രോഗിയായ മുൻ ജീവനക്കാരനെ കാണാൻ പുണെയിലെത്തിയ വ്യവസായി‌‌ രത്തൻ ടാറ്റയെ അഭിനന്ദിച്ച് സമൂഹമാധ്യമ ഉപയോക്താക്കൾ. പുണെയിലെ ഫ്രണ്ട്സ് സൊസൈറ്റിയിൽ 83കാരനായ രത്തൻ ടാറ്റ സന്ദർശിക്കുന്ന ചിത്രം കഴിഞ്ഞദിവസം ലിങ്ക്ഡ്ഇനിൽ യോഗേഷ് ദേശായി പങ്കുവച്ചത് തരംഗമായിരുന്നു.രണ്ടു വർഷമായി അനാരോഗ്യത്തിൽ കഴിയുന്ന മുൻ ജീവനക്കാരനെ കാണാനാണു രത്തൻ ടാറ്റ മുംബൈയിൽനിന്ന് പുണെയിൽ എത്തിയതെന്നു യോഗേഷ് ദേശായിയുടെ കുറിപ്പിൽ പറയുന്നു. ‘മാധ്യമങ്ങളോ സുരക്ഷാപ്പടയോ ഒന്നുമില്ല. വിശ്വസ്തരായ ജീവനക്കാരോടുള്ള പ്രതിബദ്ധത മാത്രം. ഇതാ, ജീവിക്കുന്ന ഇതിഹാസം. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ബിസിനസുകാരൻ’– ദേശായി കുറിച്ചു.ടാറ്റാ സൺസിന്റെ ചെയർമാൻ എമെറിറ്റസ് ആയ രത്തൻ ടാറ്റ, 2 പേരോടു സംസാരിക്കുന്ന ചിത്രമാണ് ദേശായി പങ്കുവച്ചത്. പോസ്റ്റിന് 1.6 ലക്ഷത്തിലധികം പ്രതികരണങ്ങളും നാലായിരത്തിലേറെ കമന്റുകളും ലഭിച്ചു. ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ പവർ, ടാറ്റ ഗ്ലോബൽ ബിവറേജസ്, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ ടെലി സർവീസസ് എന്നിവയുൾപ്പെടെ പ്രമുഖ ടാറ്റ കമ്പനികളുടെ ചെയർമാനായിരുന്നു രത്തൻ ‌ടാറ്റ.

Leave a Reply

Your email address will not be published. Required fields are marked *