കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം 19-ാം ദിവസത്തേക്ക് കടന്നു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കർഷകർ ഇന്ന് 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിക്കും. ഇതിന് പിന്തുണയുമായി രാജ്യവ്യാപകമായി കര്‍ഷകസംഘടനകള്‍ ഇന്ന് സംസ്ഥാന ജില്ലാ ഭരണസിരാകേന്ദ്രങ്ങള്‍ ഉപരോധിക്കും. കര്‍ഷകര്‍ക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷകസമരനേതാക്കൾ അറിയിച്ചു.ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതല്‍ കര്‍ഷകര്‍ സിംഘുവിലേക്കെത്തി. പഞ്ചാബില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.ഞായറാഴ്ച കര്‍ഷകര്‍ ജയ്പുര്‍ ദേശീയപാത കൂടി ഉപരോധിച്ചിരുന്നു. രാജസ്ഥാനിലെ അല്‍വര്‍ ജില്ലയില്‍നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച് ഹരിയാണ അതിര്‍ത്തിയില്‍ തടഞ്ഞതോടെയാണിത്.ഉത്തര്‍പ്രദേശ്, ഹരിയാണ അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച കര്‍ഷകസംഘടനകള്‍ സമരം കൂടുതല്‍ അതിര്‍ത്തികളിലേക്കു വ്യാപിപ്പിക്കുകയാണ്. ഡല്‍ഹി-ആഗ്ര അതിര്‍ത്തിയും സ്തംഭിപ്പിച്ചേക്കും. ഡല്‍ഹിയിലെ ഐടിഒയ്ക്കു സമീപം ഷഹീദ് പാര്‍ക്കില്‍ തൊഴിലാളി സംഘടനകളും മറ്റും ഐക്യദാര്‍ഢ്യപ്രതിഷേധം നടത്തും. ഷാജഹാന്‍പുരില്‍ നടന്ന പ്രക്ഷോഭത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയിലെ എംപി ഹനുമാന് ബേനിവാള്‍ പങ്കെടുത്തു. നൂറു കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു തിരിച്ചു. ഗുരുഗ്രാം അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി നാലായിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചു.പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. സമരം രണ്ടു ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്.ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.