ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നു.!

National

ഡല്‍ഹി: കര്‍ഷകപ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് കര്‍ഷകര്‍. സമരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശാന്ത് ഭൂഷണടക്കം നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജയ് കിസാന്‍ എന്നെഴുതിക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും നേരത്തെയും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ കര്‍ഷകരാണ് സിം വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചത്.അതേസമയം ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വലിയ പിന്തുണ ലഭിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരുന്നു.തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തി. പക്ഷെ ഈ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാംപയിനില്‍, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള്‍ നശിപ്പിച്ചിരുന്നു. റിലയന്‍സ് പമ്പുകളില്‍ നിന്ന് പെട്രോള്‍/ ഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.കാര്‍ഷിക നിയമങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ അംബാനി, അദാനി തുടങ്ങിയ കോര്‍പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *