മധ്യപ്രദേശില്‍ വയലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന് 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണു. നിവാഡി ജില്ലയിലെ ബരാഹ്ബുജര്‍ഗ് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഹരികിഷന് കുഷ്വാഹ-കപൂരി കുഷ്വാഹ ദമ്പതികളുടേതാണ് മകന് പ്രഹ്ലാദ് അപകടത്തില്‍പ്പെട്ടത്. അഞ്ച് ദിവസം മുമ്പാണ് കുഴല്‍ക്കിണര്‍ കുഴിച്ചത്. കുട്ടി വയലില്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. 200 അടി താഴ്ചയുള്ള കിണറില്‍ 100 അടിയെത്തിയപ്പോഴേക്കും വെള്ളം കിട്ടിയിരുന്നു.
ജില്ലാ അധികാരികള്‍, സൈന്യം, ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സമാന്തരമായ കുഴിയെടുത്താണ് കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്‍ക്കുന്നയിടം വ്യക്തമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ കുട്ടി രക്ഷാപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.ഏകദേശം 50-60 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ ഊഹം