കൽപ്പറ്റഃ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന “ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം”പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി ഗ്രന്ഥശാലകൾ സമാഹരിച്ച തുകയിൽ നിന്നും ഡയാലിസിസ് രോഗികൾക്കുള്ള ആദ്യഘട്ട ധനസഹായ വിതരണം കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ. സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. ഓരോ കുടുംബത്തിൽ നിന്നും വിശേഷ ദിവസങ്ങളുടെ ഓർമ്മക്കായി ഗ്രന്ഥശാലകൾ നേരിട്ട് പണം കൈപ്പറ്റുകയും പ്രസ്തുത തുക ജില്ലാ ലൈബ്രറി കൗൺസിൽ മുഖാന്തിരം പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം പദ്ധതി. ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളുടെ അപേക്ഷ ഗ്രന്ഥശാലയുടെ ശുപാർശ യോടെ ജില്ലാ ലൈബ്രറി കൗൺസിലിന് നൽകുകയും അതിൽ നിന്നും ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് ധനസഹായം നൽകുകയും ചെയ്യും.
ധനസഹായ വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ
ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി. കെ. ബാബുരാജ് പദ്ധതി വിശദീകരണം നടത്തി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ. കെ. രാജേഷ്, നേതൃ സമിതി കൺവീനർ കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. ടി. ആർ. വി ലൈബ്രറി എടഗുനി ഭാരവാഹികളായ ബിജു, സൈതലവി എന്നിവർ ആദ്യഘട്ടത്തിന്റെ തുക ഏറ്റുവാങ്ങി.