നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീം

Sports

നാലും അഞ്ചും കളിയും മറ്റും അടുപ്പിച്ച് ജയിച്ച് പ്ലേഓഫിലെത്തുന്ന ടീമുകളെ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നാല് കളി അടുപ്പിച്ച് തോറ്റിട്ടും പ്ലേഓഫില്‍ കയറിയ ടീമിനെ കണ്ടിട്ടുണ്ടാവില്ല. എന്തായാലും അത്തരമൊരു ഭാഗ്യ കാഴ്ചയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഇന്നലെ ഡല്‍ഹിക്കെതിരെ നടന്ന നിര്‍ണായക മത്സരത്തിലടക്കം നാല് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ മുംബൈയ്ക്കും ഡല്‍ഹിയ്ക്കുമൊപ്പം പ്ലേഓഫില്‍ കടന്നിരിക്കുകയാണ്.
ഇതെന്തോന്ന് കളി എന്നാവും ചിലരുടെയെങ്കിലും ചിന്ത. കണക്കിലെ കളിയാണ് കോഹ്‌ലിയെയും കൂട്ടരെയും പ്ലേഓഫിലെത്തിച്ചത്. ഇന്നലെ ബാംഗ്ലൂരിനെതിരെ നടന്ന മത്സരം 17.3 ഓവറിനകം ഡല്‍ഹി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ബാംഗ്ലൂര്‍ പുറത്തായേനെ (അല്ലെങ്കില്‍ ഹൈദരാബാദ് തോല്‍ക്കണം). എന്നാല്‍ 6 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയുടെ ജയം. ഇതോടെ 14 മത്സരങ്ങളില്‍ 7 വീതം ജയവും തോല്‍വിയുമുള്ള ബാംഗ്ലൂര്‍ -0.172 റണ്‍ റേറ്റ് കുറിച്ചു.

പ്ലേഓഫിലെത്താന്‍ 7 വീതം ജയവും തോല്‍വിയുമായി കാത്തു നില്‍ക്കുന്ന കൊല്‍ക്കത്തയാകട്ടെ റണ്‍ റേറ്റിന്റെ കാര്യത്തില്‍ പിന്നില്‍പ്പോയി. നിലവില്‍ -0.214 ആണ് കൊല്‍ക്കത്തയുടെ റണ്‍ റേറ്റ്. പ്ലേഓഫിലെത്താന്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം മത്സര രംഗത്തുള്ള ഹൈദരാബാദിന് +0.544 എന്ന മികച്ച റണ്‍ റേറ്റുണ്ട്. അതിനാല്‍ നിലവില്‍ കുറവ് കൊല്‍ക്കത്തയ്ക്കാണ് എന്നത് ബാംഗ്ലൂരിനെ പ്ലേഓഫില്‍ കയറ്റി.

മികച്ച റണ്‍റേറ്റ് ഉണ്ടെങ്കിലും ഇന്നു നടക്കുന്ന മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഹൈദരാബാദിന് പ്ലേഓഫിലെത്താനാകൂ. ഹൈദരാബാദ് തോറ്റാല്‍ കൊല്‍ക്കത്ത നാലാം സ്ഥാനക്കാരായി പ്ലേഓഫിലെത്തും. ഹൈദരാബാദ് ജയിച്ചാലാകട്ടെ അവര്‍ മൂന്നാം സ്ഥാനക്കാരായി പ്ലേഓഫിലെത്തും, ബാംഗ്ലൂര്‍ നാലാമതുമാകും.

Leave a Reply

Your email address will not be published. Required fields are marked *