മഹിളാ മോര്‍ച്ച സെക്രട്ടറിയായി സ്മിത മേനോനെ നിയമിച്ചതില്‍ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്. സ്മിത മേനോനെ ശിപാര്‍ശ ചെയ്തത് താനാണെന്നും ഇനിയും ഇത്തരം നിയമനങ്ങളുണ്ടാകുമെന്നും കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട് തുടർച്ചയായിട്ടുള്ള ചില അപകീർത്തികരമായ ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലും ചില ഒറ്റപ്പെട്ട മാധ്യമങ്ങളുടെ നേതൃത്വത്തിലും സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുകയാണ്. അതിനോട് പ്രതികരിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചിരുന്നത് കാരണം അടിസ്ഥാനരഹിതമായിട്ടുള്ള, ശ്രദ്ധ തിരിച്ചു വിടാനുള്ള ഇത്തരം പരിപാടികളോടെ പ്രതികരിക്കേണ്ടതില്ല എന്ന നിലയായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. എന്നാൽ അപകീർത്തികരമായ പരമാർശങ്ങൾ എല്ലാ സീമകളും ലംഘിച്ചത് കൊണ്ടാണ് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വി മുരളീധരനെതിരെ വിഷലിപ്തമായ വ്യക്തിഹത്യയാണ് നടക്കുന്നത് സി.പി.എം നേതാക്കളുടെ ഒത്താശയോടെ ആണ് അവരുടെ സൈബർ സംഘങ്ങൾ അടക്കം ഈ പ്രചാരണം ഏറ്റു പിടിച്ചിരിക്കുന്നത് എന്നും സുരേന്ദ്രൻ അഭിപ്രയപ്പെട്ടു.