പനമരം: വന്യമൃഗശല്യം രൂക്ഷം, നഞ്ച പാടങ്ങളിൽ കാവൽമാടങ്ങൾ ഒരുക്കുന്ന തിരക്കിൽ കർഷകർ . കാട്ടാനയും പന്നിയും കുരങ്ങും മാനും മയിലും അടക്കമുള്ള മൃഗങ്ങൾ കൂട്ടത്തോടെ പാടങ്ങളിലേക്ക് ഇറങ്ങി കതിരണിഞ്ഞ നെൽക്കൃഷികൾ നശിപ്പിച്ചു തുടങ്ങിയതോടെ വയലിൽ കാവൽമാടം ഒരുക്കുന്ന തിരക്കിലാണു കർഷകർ.
മുൻപു നെല്ല് കൊയ്ത്തിനു പാകമായി തുടങ്ങുമ്പോഴാണു കാവൽമാടം നിർമിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൃഷി ഇറക്കുന്നതോടെപ്പം കാവലിനു മാടങ്ങളും നിർമിക്കേണ്ട സ്ഥിതിയാണ്. വനാതിർത്തികളിൽ വന്യമൃഗശല്യം രൂക്ഷമായതോടെയാണു രാപകൽ കാവലിനായി വയലിന് നടുവിൽ രണ്ടും മൂന്നും കർഷകർ ചേർന്ന് കാവൽ മാടങ്ങൾ നിർമിക്കുന്നത്. പകൽ മയിലും മാനും വാനരന്മാരുമാണു ശല്യക്കാരെങ്കിൽ രാത്രി കാട്ടാനയും പന്നിയുമാണു പാടത്ത് ഇറങ്ങുന്നത്.
കമുകും മുളയും വൈക്കോലും പനയോലയുമാണ് മാടങ്ങൾ നിർമിക്കാനായി ഉപയോഗിക്കുന്നത്. വയലിന്റെ നടുവിൽ ഉയരത്തിലുണ്ടാക്കുന്ന മാടങ്ങൾക്ക് അടിയിൽ തീ കൂട്ടിയാണു രാത്രി കാവൽ. ഒരു മാടത്തിൽ കാവലിനുചുരുങ്ങിയത് 2 പേർ കാണും. മാടങ്ങളും കാവലും ഉണ്ടെങ്കിലും കാവൽക്കാർ ഒന്നു മയങ്ങിയാൽ ഒരു സീസണിലെ അധ്വാനം മുഴുവൻ വന്യമൃഗങ്ങൾ അകത്താക്കുമെന്ന് കർഷകർ പറയുന്നു