തിരുവനന്തപുരം: വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് നല്‍കാന്‍ ആരോഗ്യവകുപ്പ് കിറ്റ് തയാറാക്കി. പള്‍സ് ഓക്‌സിമീറ്റര്‍, വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍, രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍, രോഗലക്ഷണങ്ങള്‍ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, മാസ്‌ക്, സാനിറ്റൈസര്‍, വിവിധ ആരോഗ്യസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്.
പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം തിങ്ങല്‍, ശ്വാസതടസ്സം, പേശീവേദന, തൊണ്ടവേദന / അസ്വസ്ഥത, വയറിളക്കം, രുചിയും മണവും തിരിച്ചറിയാതാവുക, ഓക്കാനം, ഛര്‍ദ്ദി, മൂക്കിനും ചുണ്ടിനും നീലനിറം എന്നീ സൂചകങ്ങളാണ് രോഗി സ്വയം വിലയിരുത്തേണ്ടത്. ഇത് നിരീക്ഷണ ചാര്‍ട്ടില്‍ രേഖപ്പെടുത്തി വാട്‌സ് ആപ്പ് മുഖേന മെഡിക്കല്‍ ഓഫിസര്‍ക്ക് അയക്കണം. ആദ്യഘട്ടത്തില്‍ ആയിരം കിറ്റുകള്‍ കെ.എം.സി.എല്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനമെന്ന് ആരോഗ്യകേരളം ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. ബി അഭിലാഷ് അറിയിച്ചു. ആവശ്യം വരുന്ന മുറയ്ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ കിറ്റുകള്‍ ലഭ്യമാക്കും.