സ്വർണക്കടത്ത് കേസിലും അനുബന്ധ അഴിമതി കേസുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.
സംസ്ഥാനവ്യാപകമായി പ്രാദേശിക തലത്തിൽ അടക്കം സമാധാനപരമായി തികച്ചും ജനാധിപത്യപരമായ രീതിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കും. യുവാക്കളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് സമരം കൂടുതൽ വ്യാപകവും വിപുലവും ആക്കാൻ തീരുമാനിച്ചു. ഓരോ സമരത്തിലെ പങ്കാളിത്തത്തെ കുറിച്ച് നിലവിൽ ഉള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രക്ഷോഭം തുടരേണ്ടത് എന്നാണ് തീരുമാനം.
സമരങ്ങൾ നിർത്തി വയ്ക്കുകയാണെന്ന യു.ഡി.എഫിന്റെ തീരുമാനം സി.പി.എമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. അവർ പൂർണ്ണമായും സർക്കാരിന് മുന്നിൽ മുട്ട് മടക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് സുരേന്ദ്രൻ പറഞ്ഞു.
സമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അംഗീകരിക്കില്ല. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സി.പി.എം സമരം നടത്തുന്നു. വിവാഹച്ചടങ്ങുകളുടേയും മരണാനന്തര ചടങ്ങുകളുടേയും കോവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ഒരു കോവിഡ് പ്രോട്ടോക്കോളും പാലിച്ചില്ല. സി.പി.എമ്മിന്റെ കുഞ്ഞനന്തന്റേയും വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകരുടേയും സംസ്ക്കാരത്തിന് ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.