അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.

General

കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ മൂലം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.

കേന്ദ്ര സർക്കാർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും ഇതു കാരണം ജീവനക്കാരെ പിരിച്ചുവിടാൻ തങ്ങൾ നിർബന്ധിതരായെന്നും ആംനസ്റ്റി പ്രസ്താവനയിൽ പറയുന്നു.

ഇതുമൂലം സംഘടനയുടെ രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും കാമ്പയിനുകളും നിർത്തിവെച്ചതായി ആംനസ്റ്റി ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സംഘടനയുടെ കീഴിൽ നടത്തുന്ന എല്ലാ കാമ്പയിനുകളും ഗവേഷണങ്ങളും താത്കാലികമായി നിർത്തിവെച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ സർക്കാർ മനുഷ്യാവകാശ സംഘടനയെ വേട്ടയാടുകയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൻ്റെ (ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട്) പരിധിയിൽ ആംനസ്റ്റി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സർക്കാർ വാദം. എന്നാൽ അന്തർദേശീയ, ദേശീയ നിയമങ്ങൾ അനുസരിച്ചാണ് സംഘടന പ്രവർത്തിക്കുന്നതെന്നും ആംനസ്റ്റി വ്യക്തമാക്കി.

കശ്മീരിൻ്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിന് ശേഷവും ഫെബ്രുവരിയിലെ ഡൽഹി കലാപത്തിനിടയിലുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു ആംനസ്റ്റി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

കശ്മീരിൽ നടന്ന പ്രശ്‌നങ്ങളിലും ഡൽഹി കലാപക്കേസിലും കേന്ദ്ര സർക്കാരും ഡൽഹി പൊലീസും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

ഇതോടെ കഴിഞ്ഞ രണ്ട് വർഷമായി സംഘടന വേട്ടയാടപ്പെടുകയാണെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ആകസ്മികമല്ലെന്നും ആംനസ്റ്റി ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *