ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി, മൂന്നു സേനാ തലവന്മാര് എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. പാകിസ്ഥാന് ഇന്നലെ നടത്തിയ ആക്രമണവും അതിന് ഇന്ത്യ നല്കിയ തിരിച്ചടിയും അടക്കമുള്ള വിവരങ്ങള്‍ വിശകലനം ചെയ്യും.
അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന് എന്നിവര്‍ പ്രധാനമന്ത്രിയെ കാണുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ അറിയിക്കും. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ചയായേക്കും.
ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇന്നലെയുണ്ടായ സംഭവവികാസങ്ങള്‍ രാജ്യത്തെ അറിയിക്കാനായി വിദേശകാര്യമന്ത്രാലയവും പ്രതിരോധ മന്ത്രാലയവും രാവിലെ 10 ന് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്കാണ് വാര്‍ത്താസമ്മേളനം. പാക് ആക്രമണത്തെ കുറിച്ചും ഇന്ത്യ നടത്തിയ തിരിച്ചടിയെ കുറിച്ചും സര്‍ക്കാര്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.