പ്രത്യാശയുടെ ഉയിര്‍പ്പ്; ലോകം ഈസ്റ്റര്‍ ആഘോഷത്തില്‍

General

കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളും നടന്നു. കേരളത്തിലെ പള്ളികളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ പങ്കാളികളായി.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തില്‍ ആയിരുന്നു ശുശ്രൂഷ. ഓര്‍ത്തഡോക്‌സ് സഭയിലെ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കും. ആ പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു. പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ എന്നും ആദ്ദേഹം നേര്‍ന്നു.

പീഡാനുഭവങ്ങള്‍ക്കും കുരിശ് മരണത്തിനും ശേഷമുള്ള ഉയിര്‍പ്പിന്റെ പെരുന്നാളാണ് ഈസ്റ്റര്‍. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ക്രിസ്തുവായി മാറുന്നൊരു കാലമാണ് ഉയിര്‍പ്പിന്റെ പെരുന്നാള്‍. മനുഷ്യന്‍ ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളുടെയും മോചനത്തിനായി മനുഷ്യ പുത്രന്‍ സ്വയം ബലിയര്‍പ്പിച്ച് ക്രൂശിതനായതിന്റെ ഓര്‍മ്മകള്‍ കൂടിയാണിത്. ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിര്‍പ്പിന്റെ പെരുന്നാള്‍ നല്‍കുന്നത്. നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കണം, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നയാള്‍ വിശ്വസ്തനാണ്. എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഈസ്റ്റര്‍ ആശംസ.

Leave a Reply

Your email address will not be published. Required fields are marked *