ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടില്‍?, കൊച്ചിയിലും തൃശൂരിലും ഇല്ല?; ഹോട്ടലില്‍ നിന്ന് വെള്ള കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

General

കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ടവര്‍ അവസാന ലൊക്കേഷന്‍ തമിഴ്‌നാട്ടില്‍ നിന്നായത് കൊണ്ട് കേരളം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചില്ല. പരിശോധന തുടരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.

അവിടെ നടന്‍ മുറിയെടുത്തിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കാറിലാണ് അദ്ദേഹം അവിടെ നിന്നും കടന്നുകളഞ്ഞത്. അത് ഒരു ഓണ്‍ലൈന്‍ ടാക്‌സിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹോട്ടലില്‍ ബൈക്കിലെത്തിയ നടന്‍ മണിക്കൂറുകള്‍ക്കകം കാറില്‍ തിരിച്ചുപോയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു ഹോട്ടലിലേക്ക് നടന്‍ പോയി എന്ന് പൊലീസ് പറയുന്ന സമയവുമായി ഒത്തുപോകുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയാതിരിക്കാന്‍ നടന്‍ ശ്രദ്ധിച്ചിരുന്നതായും സംശയിക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി ഹോട്ടലിന് പുറത്തുനിര്‍ത്തിയ ശേഷമാണ് നടന്‍ അതില്‍ കയറി പോയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഷൈന്‍ അവിടെ നിന്ന് പോയത് ഒരു വെള്ള കാറിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ നടന്‍ കൊച്ചി വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയിരിക്കാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊലീസ് അന്വേഷണം തുടരുന്നത്.

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *