പ്രസംഗരീതികളെ പാറ്റിക്കൊഴിക്കാം-ദീപു ആന്റണിയുടെ പുസ്തകറിവ്യൂ

General

പ്രസംഗകലയ്ക്ക് ചില നിർദ്ദേശകതത്ത്വങ്ങൾ

പ്രൗഢമായ പ്രസംഗകലയെ
സമഗ്രമായും ആധികാരികമായും ഗവേഷണബുദ്ധിയോടെയും സമീപിക്കുന്ന പുസ്തകമാണ്
ജുനൈദ് കൈപ്പാണിയുടെ
‘പ്രസംഗകല 501 തത്ത്വങ്ങൾ’.

ഏതൊരുകാലഘട്ടത്തിലും സമൂഹത്തിന് ഒരു വക്താവിനെ ആവശ്യമുണ്ടെന്ന ഉത്തമബോധ്യത്തിലാണ് മികച്ച പ്രസംഗകൻ കൂടിയായ ഗ്രന്ഥകാരൻ അക്കാദമികമായ താത്പര്യത്തോടെ പ്രസംഗകലയ്ക്ക് 501 തത്ത്വങ്ങൾ നിർദ്ദേശിക്കുന്നത്.കേവലം ആശയവിനിമയോപാധികളായ സംഭാഷണശകലങ്ങളെ അത്യുത്തമങ്ങളായ പ്രസംഗങ്ങളാക്കി മാറ്റാൻപോന്ന ക്ഷമതയാർന്ന ഉപകരണങ്ങളാണ് ഈ പുസ്തകത്തിലെ 501 തത്ത്വങ്ങളും.
അതുകൊണ്ടുതന്നെ പ്രസംഗകലയ്ക്കും പ്രസംഗപരിശീലനത്തിനും നിത്യനൂതനമായ നിർദേശകതത്വങ്ങളെന്ന നിലയിൽ വർത്തമാനകാലപ്രസിദ്ധീകരണങ്ങൾ-ക്കിടയിൽ ജുനൈദ് കൈപ്പാണിയുടെ ഏറ്റവും പുതിയ പുസ്തകം സമുന്നതമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

പ്രസംഗകലയെ നിർവചിച്ചും പ്രസംഗങ്ങളുടെ പ്രാധാന്യത്തെയും സാംഗത്യത്തെയും സാധൂകരിച്ചും
നല്ല പ്രസംഗകനെ സൂചകങ്ങൾ
ഉപയോഗിച്ച് വിലയിരുത്തിയും ആൾക്കൂട്ടമനഃശാസ്ത്രത്തെ അപഗ്രഥിച്ചും ഒരു നല്ല ശ്രോതാവ് മുന്നോട്ട് വയ്ക്കാനിടയുള്ള നിബന്ധനകളിലൂന്നിയും കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ക്രമപ്പെടുത്തിയും വാക്കുകളുടെ വ്യാഖ്യാനസാധ്യതകളെ ജാഗ്രതയോടെ സമീപിച്ചും ഭാഷയുടെ അഴകളവുകളെ നിർവ്വചിച്ചുമാണ് ഈ പുസ്തകം അതിന്റെ ഉള്ളടക്കത്തെ ഭദ്രമായി കൈകാര്യം ചെയ്യുന്നത്.

മുന്നിട്ടിറങ്ങുന്നവരിൽ ധൈര്യവും പിന്തിരിയുന്നവരിൽ ഭയവും വർധിക്കും എന്ന ദർശനമാണ് പ്രസംഗകലയുടെ ഈ പുത്തൻ രീതിശാസ്ത്രം വായനക്കാരോട് പങ്കുവയ്ക്കുന്നത്. ഈ ദർശനത്തിന് വായനക്കാരിലും ശ്രോതാക്കളിലും സർവോപരി പ്രസംഗകരിലും ഗുണാത്മകങ്ങളായ പരിവർത്തനങ്ങൾ സാധ്യമാക്കാൻ പോന്ന കരുത്തുണ്ട്.ഇനിയങ്ങോട്ട് ലോകത്തെവിടെയും സംഭവിക്കേണ്ട പ്രസംഗങ്ങൾ അല്പംകൂടി കുലീനമാകേണ്ടതിന്റെ പ്രാധാന്യം
തുറന്നുപറയുകയാണ് ജുനൈദ് കൈപ്പാണി തീർത്തും വ്യത്യസ്തമായ ഈ പുസ്തകത്തിലൂടെ.

അറിയിക്കാനും അനുനയിപ്പിക്കാനും
പ്രേരിപ്പിക്കാനും പ്രകോപിപ്പിക്കാനും
അഭ്യർഥിക്കാനും അറിവുപകരാനും
തിരുത്താനും മുന്നോട്ട് നയിക്കാനും വാക്കിനോളം തൂക്കമുള്ള യാതൊന്നും ഈ ഭൂമിയിലില്ലെന്ന തിരിച്ചറിവാണ് പ്രസംഗകലയുടെ സാധ്യത.
അതുകൊണ്ടുതന്നെ ഏറിയും കുറഞ്ഞതുമായ അളവിൽ ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുന്ന
ഏതൊരാളും ‘പ്രസംഗകല 501 തത്ത്വങ്ങൾ’ എന്ന പുസ്തകം ഉപയോഗിച്ച് അവരവരുടെ പ്രസംഗരീതികളെ നിർബന്ധമായും
ഒന്ന് പാറ്റിക്കൊഴിക്കേണ്ടതുണ്ട്.

വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രസംഗ പരിശീലനം നൽകുന്ന ലെറ്റ്സ് സ്‌കൂൾ ഓഫ് പബ്ലിക് സ്പീക്കിങ് എന്ന സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാനായ ജുനൈദ് കൈപ്പാണി
ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറിയും നിരവധിസാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളുടെ ചുമതലകളും വഹിക്കുന്നുണ്ട്.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം, ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ പുരസ്‌കാരം, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, ദേശീയ വികസന ഏജൻസിയായ ഡൽഹി ഭാരത് എസ്. എസ് ഏർപ്പെടുത്തിയ മികച്ച ജില്ലാ പഞ്ചായത്ത്‌ മെമ്പർക്കുള്ള ഭാരത് സേവക് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി അംഗീകാരങ്ങളും നേടിയ ജുനൈദ് കൈപ്പാണി ജനകീയാസൂത്രണം, വ്യക്തിത്വവികസനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നിരവധിയായ അനുഭവങ്ങളുടെ പരിസരത്ത് നിന്ന് ജുനൈദ് കൈപ്പാണി തയ്യാറാക്കിയ പ്രസംഗ കലയുമായി ബന്ധപ്പെട്ട ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ഹാംലെറ്റ് ബുക്സ് ആണ്.
വില 100 രൂപ.

ദീപു ആന്റണി

Leave a Reply

Your email address will not be published. Required fields are marked *