പ്രസംഗകല 501തത്ത്വങ്ങൾ- ബഷീർ പി.എയുടെ വായനാകുറിപ്പ്

General

‘പ്രസംഗകല 501തത്ത്വങ്ങൾ’ ബഷീർ പി.എയുടെ വായനാകുറിപ്പ്..

ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിൽ പ്രസംഗകർക്കുള്ള പങ്ക് നിസ്തുലമാണ്.
അഴീക്കോട് മാഷ്ടെ പ്രസംഗങ്ങൾ നേരിട്ട് കേൾക്കാൻ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ അനർഗ്ഗളമായി നിര്ഗളിക്കുന്ന വാക്കുകൾ, ആശയങ്ങൾ ഒന്നിൽ നിന്നും തുടങ്ങി മറ്റൊന്നിനോട് കൂട്ടിച്ചേർത്തു അനേകം വിഷയങ്ങൾ സൂചിപ്പിച്ചു ഉപമിച്ചു വിജ്ഞാനത്തിന്റെ അണ്ഡകടാഹത്തിലൂടെ കടന്നു പോയി അവസാനം തുടങ്ങയിടത്തു തന്നെ വന്നു നിന്ന് ഉപസംഹരിക്കുന്ന അതുല്യമായ ഒരു രീതി കണ്ടു ശീലിച്ചിട്ടുണ്ട്. അത്ഭുത പരതന്ത്രനായി കേട്ടിരുന്നിട്ടുണ്ട്
പ്രസംഗങ്ങൾ പലതും കേട്ടു എന്നല്ലാതെ എങ്ങിനെ പ്രസംഗിക്കണമെന്ന ഒരു പുസ്തകം ഇത് വരെ വായിച്ചിരുന്നില്ല.
ജുനൈദ് കൈപ്പാണി എഴുതിയ “പ്രസംഗ കല- തത്ത്വങ്ങൾ” എന്ന പുസ്തകം വായിക്കാൻ കഴിഞ്ഞത് വലിയ ഒരു അവസരമായി ഞാൻ കരുതുന്നു . ഞങ്ങളുടെ എഡിഫയിസ് ഇന്ത്യയുടെ മാനന്തവാടി WSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംസ്ഥാന തല ട്രെയിനിങ് പ്രോഗ്രാമിന്റെ സമാപന സമ്മേളനത്തിൽ അദ്ദേഹം ആശംസാ പ്രസംഗം നടത്താനെത്തിയിരുന്നു . അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും ഹഠാദാ കർഷിച്ചു,
ഹൃദയം തൊടുന്ന ഒരു കഥ പറച്ചിലുകാരനാണ് അദ്ദേഹം. പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നത്, അദ്ദേഹത്തിന്റെ കഥ പ്രതീക്ഷയുടെ അനുരണനം അനുവാചകനിൽ നിറക്കാൻ പോന്നതായിരിന്നു.
പുസ്തകം വായിക്കാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തെ കുറിച്ചുള്ള പ്രതീക്ഷ വർണാഭമായി, പ്രസംഗ തല്പരരായ ഏവർക്കും ഒരു ഐ ഓപ്പണർ എന്ന നിലയിൽ ഈ ഗ്രന്ഥം നിലകൊള്ളുമെന്ന് എനിക്കു തോന്നി. ഇതിൽ പ്രസംഗകലയുടെ നാനാവശങ്ങൾ സമഗ്രമായി വിശകലനം ചെയ്യുന്നു. സിദ്ധാന്തങ്ങൾ, പ്രയോഗങ്ങൾ, സാങ്കേതിക വശങ്ങൾ എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്യുന്ന ഈ പുസ്തകം, ഒരു വിശകലനാത്മക ഗ്രന്ഥമാണ്‌.
പ്രസംഗത്തിന്റെ വിവിധ തലങ്ങൾ വിവിധ ഹെഡിങ്ങുകളിൽ അക്കമിട്ട് കൊടുത്തിരിക്കുന്നത് ഓരോ വിഷയങ്ങളിലും അനിവാര്യമായ തിരുത്തലുകൾ വരുത്തി അടയാളപ്പെടുത്തി മുന്നോട്ടു പോകാൻ വിഷയ തത്പരരെ സഹായിക്കും.
അക്കാദമിക് തലത്തിലും കൂടിയുള്ള ഈ പുസ്തകം പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയാൽ കൂടുതൽ ഗൗരവത്തിൽ ഇതിനെ കാണാൻ കുട്ടികളെയും വായനക്കാരെയും പ്രേരിപ്പിക്കും , അത് മികവുള്ള പ്രസംഗകരെ സൃഷ്ടിക്കാൻ സഹായകരമാകും. ചിന്താ ശേഷിയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പര്യാപ്തമാകും.

നിലവിൽ പ്രസംഗിക്കുന്നവർക്ക് ഈ പുസ്തകം തങ്ങളുടെ പ്രസംഗങ്ങളിലെ പോരായ്മകൾ തിരിച്ചറിയാനും തങ്ങളുടെ ഭാഷണ ങ്ങൾ മെച്ചപ്പെടുത്താനും ഉപകരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.അതേസമയം, ഭാവിയിൽ പ്രസംഗകലയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു പരിപൂർണ റഫറൻസ് ഗ്രന്ഥമായി ഉപയോഗപ്പെടും. ഈ പുസ്തകത്തിന്റെ മേന്മ കണക്കിലെടുത്ത്, എല്ലാ പ്രസംഗ തല്പരർക്കും ഈ പുസ്തകം ഞാൻ ശുപാർശ ചെയ്യുന്നു.
പ്രിയപ്പെട്ട ജുനൈദിന് എഴുത്തിന്റെ ലോകത്ത് കൂടുതൽ സംഭാവനകൾ നല്കാൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. സ്നേഹപൂർവ്വം
ബഷീർ പി എ – ഡയറക്ടർ – എഡിഫയിസ് ഇന്ത്യ – ട്രൈനേഴ്സ് പ്ലാനറ്റ്

Leave a Reply

Your email address will not be published. Required fields are marked *