വൈത്തിരി താലൂക്ക് ആശുപത്രി ഇ- ഹെല്‍ത്ത് സംവിധാനത്തിലേക്ക്. ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാനും കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ രോഗികളുടെ വിവരങ്ങള്‍ ലഭ്യമാക്കി ഫലപ്രദമായി ചികിത്സ ഉറപ്പാക്കാനും സാധിക്കും. സംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഇ- ഹെല്‍ത്ത് സംവിധാനം ഗുണകരമാകും. രോഗികളുടെ മുന്‍കാല രോഗ വിവരങ്ങള്‍, പാരമ്പര്യ അസുഖ വിവരങ്ങള്‍, താമസ സ്ഥലത്തെ കുടിവെള്ള – മാലിന്യ വിവരങ്ങള്‍ അടങ്ങിയ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ പൊതുജനാരോഗ്യ രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. പദ്ധതിയുടെ ആദ്യഘട്ട ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്‌ഐഡി) വിതരണം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് യുഎച്ച്‌ഐഡി കാര്‍ഡ് നല്‍കുന്നത്. താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ, ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ ജോണ്‍, എച്ച്എംസി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
